April 13, 2010

മൃത്യുവിന്റെ സൌന്ദര്യം

ഖലീല്‍ ജിബ്രാന്‍(Picture courtesy : Google)
ഞാനൊന്നുറങ്ങട്ടെ ,
പ്രേമ ലഹരിയിലാണെന്‍
ആത്മാവ്.
ഞാനൊന്നു വിശ്രമിക്കട്ടെ,
ദാനം കിട്ടിയ ദിനരാത്രങ്ങളിലാ-
ണെന്റെ ചേതന.
സാമ്പ്രാണിതിരി പുകക്കുക
കിടക്കക്ക്ചുറ്റും,മെഴുകുതിരികള്‍
കത്തിച്ചു വെച്ചാലും !
വിതറുക മുല്ലയുടേയും , റോസയുടേയും
ഇതളുകളാലെന്റെ ഗാത്രത്തിലുടനീളം
സുഗന്ധതൈലത്താല്‍
കോതിയൊതുക്കുകയെന്‍ തലമുടി
വാസനതൈലം തൂവുക
കാലടികളില്‍.
മൃത്യുവതിന്റെ കരങ്ങളിലെഴുതിയത്
എന്റെ തിരുനെറ്റിയില്‍ വായിച്ചാലും !
നിദ്രയുടെ വിശുദ്ധകരങ്ങളില്‍
ഞാനൊന്നു മയങ്ങട്ടെ
തുറന്ന മിഴികളാകമാനം
തളര്‍ന്നിരിക്കുന്നു
വെള്ളി തന്ത്രി കെട്ടിയ
പൊന്‍വീണമീട്ടി സാന്ത്വനമേ-
കീടേണമെന്റെ പ്രാണന്.
വരളുന്ന ഹൃദയത്തിന്‍‌ ചുറ്റും
മൂടുപടം നെയ്യുക പൊന്‍വീണയാല്‍ !
പ്രത്യാശയുടെ ഉദയമെന്‍
കണ്ണുകളില്‍ ദര്‍ശിച്ച്
കഴിഞ്ഞ കാലത്തെ കുറിച്ച്
നിങ്ങള്‍ പാടുവിന്‍...
ഹൃദയവശിഷ്ടങ്ങള്‍ക്ക് മീതെ
നിലകൊള്ളുന്നൊരു മാന്ത്രികപൊരു-
ളൊരു മൃദു മഞ്ചം .

പ്രിയസ്നേഹിതരേ ,
കണ്ണീര്‍ തുടക്കുവിന്‍
പൂക്കളെപോല്‍ തലകള്‍
ഉയര്‍ത്തുവിന്‍
ഉദയത്തെ വരവേല്‍ക്കുവാന്‍
ശിരോലങ്കാരമുയര്‍ത്തിപിടിച്ചാലും.
കാണുക പ്രകാശസ്തൂപമാം
മരണമെന്ന വധുവിനെ
അനന്തതക്കുമെന്റെ കിടക്കയ്ക്കു-
മിടയില്‍ നിലയുറപ്പിച്ചത് .
വെള്ള ചിറകടി മര്‍മ്മരത്താലെന്നെ-
യവള്‍ മാടി വിളിക്കുന്നത്
ശ്വാസമടക്കി നിങ്ങള്‍ കേട്ടാലും !
വേര്‍പാടിനെ ക്ഷണിക്കാ-
നടുത്തു വന്നു കൊള്ളണം
പുഞ്ചിരിയുതിര്‍ക്കുന്ന അധരങ്ങനളാ-
ലെന്റെകണ്ണുകള്‍ സ്പര്‍ശിച്ചീടേണം.
കുട്ടികള്‍തന്‍ മൃദു റോസാവിരലുകളാ-
ലെന്റെ കരംഗ്രഹിച്ചോട്ടെ.
വൃദ്ധര്‍‍തന്‍ ഞരമ്പെഴും കൈകളെന്റെ
തിരുനെറ്റിയില്‍ വെച്ചനുഗ്രഹിച്ചീടേണം .
കന്യകമാര്‍ ദൈവത്തിന്റെ നിഴല്‍
അരികില്‍ വന്നെന്‍
കണ്ണില്‍ ദര്‍ശിച്ചിടും നേരം
എന്റെ ശ്വാസത്തിനൊപ്പമൊഴുകി
നീങ്ങുടുമവന്റെ മാറ്റൊലി
കേള്‍ക്കുമാറാകേണം .
 
2.ആരോഹണം
 
ഒരു കുന്നിന്റെ കൊടുമുടി കടന്നു ഞാന്‍ ,
അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും
നീലനക്ഷത്രഖചിതമായ ആകാശത്തില്‍
ഉയര്‍ന്നു പറക്കുകാണെന്‍ആത്മാവ് .
ദൂരെയാണു്‌ കൂട്ടരെ ,
അതിവിദൂരതയിലാണു്‌ ഞാന്‍ .

മേഘങ്ങള്‍ കുന്നുകളെയെന്‍
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നു .
നിശബ്ധവാരിധിയാല്‍ താഴ്വരകളാ -
കമാനം നിറഞ്ഞു തുളുമ്പിയല്ലോ...
വീടുകളും ,വീഥികളും


വിസ്മൃതിയുടെ കരങ്ങള്‍

വിഴുങ്ങും നേരം
വെളുത്ത ശൂന്യതക്കപ്പുറം
വയലുകളും ,പുല്‍ക്കാടുകളും
മറഞ്ഞ് പോകുന്നു.
വസന്തമേഘങ്ങള്‍പോലെയും
മെഴുകുതിരിശോഭപോല്‍മഞ്ഞയായും ,
അസ്തമയസൂര്യന്റെചുവന്നവെളിച്ചം -
പോലെയും കാണുന്നത് .
നീരൊഴുക്കുകള്‍തന്‍ സങ്കീര്‍ത്തനങ്ങളും,
തിരമാലയുടെ ഗീതങ്ങളും
അലയടിക്കുന്നു .
ജനകൂട്ടത്തിന്റെ മാറ്റൊലി
നിശബ്ദതയിലേക്ക് ലയിച്ചു ചേര്‍ന്നു

അനശ്വരസംഗീതം
ശൂന്യതയെന്ന് ഞാന്‍ ശ്രവിക്കേ ,
സ്വരചേര്‍ച്ചയിലല്ലോ
പ്രാണന്റെമോഹങ്ങള്‍ .

3. അവശിഷ്ടങ്ങള്‍

മോചിപ്പിക്കുകയെന്നെ
ശ്വേത വസ്ത്രത്തിന്റെ മൂടുപടത്തില്‍ നിന്നും .
പുതപ്പിക്കുക റോസയുടെയും ,
ലില്ലിയുടേയും ഇതളുകളാല്‍ !
ദന്തനിര്‍മ്മിത ഖബറില്‍നിന്ന്
ശരീരമെടുത്താലും
ശയിക്കട്ടെയത് ഓറഞ്ചുതോടിനാല്‍
തീര്‍ത്ത തലയിണയില്‍ .
എന്നെയോര്‍ത്തു കരയരുതാരും ,
മെന്നാലോയൌവനോഷ്മള
ഗീതങ്ങളാലപിച്ചാലും !
കണ്ണീര്‍പൊഴിക്കരുതെന്നില്‍
എന്നാലോ ,വീഞ്ഞുയന്ത്രത്തേയും
കൊയ്ത്തിനേയുംപറ്റി പാടുക .
മരണവേദനയാല്‍
പശ്ചാത്തപിക്കരുത്
എന്നാലോ ,വരക്കുക
സന്തോഷ്മള ചിത്രങ്ങളെന്റെ
മുഖത്ത് നിങ്ങളുടെ വിരലുകളാല്‍ !
ദുആ-മന്ത്രോച്ചാരണങ്ങളാല്‍
കാറ്റിന്റെ പ്രശാന്തത ഭഞ്ജിക്കരുത് .
എന്നാലോ,യെന്നെ ഹ്ര്യദയത്തിലേറ്റി
നിത്യജീവന്റെ ഗീതങ്ങളാലപിക്കൂ...
വിലപിക്കരുത് കറുത്തവസ്ത്ര-
മണിഞ്ഞെന്നെയോര്‍ത്ത് .
എന്നാലോ ,വര്‍ണ്ണവേഷമണി-
ഞെന്നില്‍ഘോഷിച്ചാലും !
നിങ്ങളുടെ ഹ്ര്യദയങ്ങളില്‍
നെടുവീര്‍പ്പുകളരുതെന്റെ
വേര്‍പാട് ഓര്‍ത്ത്..
കണ്ണുകളടച്ച് നിങ്ങള്‍
നിത്യതയെന്റെ കണ്ണില്‍
ദര്‍ശിച്ചാലും
സൌഹ്ര്യദ ചുമലുകളെന്നെ
വഹിച്ചീടേണം
മന്ദം നടക്കവേണം
വന്യമായ കാട്ടിലേക്ക്....
ഇലക്കൂട്ടങ്ങള്‍ക്ക് മീതെ
വെച്ചാലുമെന്നെ .
മുല്ലയുടേയും ,ലില്ലിയുടേയും
വിത്തുകള്‍ കൂട്ടി കുഴച്ച
മൃദു  മണ്‍തരികളാലെന്നെ മൂടണം .
അവയെന്നില്‍ വളര്‍ന്നു പന്തലിച്ചിടും കാലം
വന്നണയുന്ന വഴിയാത്രികരെന്റെ
ഹൃദയസുഗന്ധം ശ്വസിച്ചു കൊള്‍കട്ടെ

ഇളംകാറ്റില്‍ പോകും പായ്കപ്പല്‍
യാത്രികനത് ആശ്വാസവുമേകിടട്ടെ .

വിട്ടകലുകയെന്നെ , വിട്ടകലുക കൂട്ടരെ
നിശബ്ദകാലടികളാല്‍ !
വന്യമായ താഴ്വരയിലൂടെ
നിശബ്ദമായി സഞ്ചരിച്ചാലും !

ദൈവത്തിലേക്കെന്നെ
പറഞ്ഞയച്ച്
ബദാം മരത്തിന്റേയും ,ആപ്പിള്‍ മരത്തിന്റേയും
പൂക്കള്‍ തീര്ത്ത കുടക്കും
മന്ദമാരുതന്റെ ദ്രുത ചലനത്തിനും
കീഴെ നിങ്ങള്‍പിരിഞ്ഞുപോയാലും
മന്ദം മന്ദം......
സന്തോഷമാം ഭവങ്ങളിലേക്ക്
മടങ്ങവേണം നിങ്ങള്‍
മരണത്തിന് നിങ്ങളില്‍ നിന്നെന്നെ
വേര്‍പ്പെടുത്താന്‍ കഴിയാത്തത്
കണ്ടെത്തണം .

വിട്ടകലുകയീ സ്ഥലി
നിങ്ങളിവിടെ കണ്ട പൊരുള്‍
നശ്വരലോകത്തില്‍ നിന്നെത്ര
ദൂരെയാണു്‌ കൂട്ടരേ....

വിട്ടകലുകയെന്നെ......
****************************
ആംഗലേയം ഇവിടെ വായിക്കാം

38 comments:

സോണ ജി said...

അസലാമും അലൈക്കും ശ്രീ ശ്രീ ഖലില്‍ ജിബ്രാന്‍ ,
താങ്കളുടെ അനുവാദമില്ലാതെയാണീയൊരു കടും കൈ ഞാന്‍ ചെയ്തത്. അതിനു്‌ ആദ്യമേ അടിയന്‍ മാപ്പ് ചോദിക്കുന്നു .ആത്മാവിനോട് സംവേദിക്കാനുള്ള ഭാഷ അറിയാത്തതിനാലാണു്‌ അപ്രകാരം ചെയ്യേണ്ടി വന്നത്. എന്റെ ആത്മാവ് താങ്കളെ കണ്ടു മുട്ടുന്ന വേളയില്‍ മാപ്പ് പറയുന്നതാണ്..താങ്കളുടെ കവിതയില്‍ നിന്നും മൊഴി മാറ്റിയപ്പോള്‍ കവിത ഒലിച്ചു പോകുകയുണ്ടായി...അത് അടിയന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്.അതിനും മാപ്പ്.എങ്കിലും ഒന്നറിയുക താങ്കള്‍ ,താങ്കളുടേ നിഗൂഡ കവിതകളെ ഞാന്‍ പ്രണയിക്കുന്നുവെന്ന് .

ഇനി വായനക്കാരോട്..,
നിങ്ങളാണിതിലെ തെറ്റുകുറ്റങ്ങള്‍ തിരുത്തേണ്ടത്.അങ്ങനെ സത്യസന്ധമായ അഭിപ്രായങ്ങളിലൂടെ നഷ്ടപ്പെട്ട കവിത്വം തിരിച്ചു പിടിക്കാന്‍ കഴിയും ..ഈ പരിഭാഷയോടെ ഞാന്‍ തത്കാലം ബ്ളോഗില്‍ നിന്നും വിടപറയുന്നു..
പ്രോത്സാഹിപ്പിച്ചവര്‍ക്കും ,അഭിപ്രായം അറിയിച്ചവര്‍ക്കും ,അഭിപ്രായം പറയാതെയിരുന്നവര്‍ക്കും ,തെറി വിളിച്ചവര്‍ക്കും നന്ദി !ഇതിലൂടെ വീണ്ടും നിങ്ങള്‍ക്ക് ചീഞ്ഞമുട്ടയും ,ചെരിപ്പുകളും, ഷൂവുകളൂം എറിയാവുന്നതാണു്‌ .എന്നാല്‍ ദൈവത്തെയോര്‍ത്ത് തെറി വിളിക്കരുത് .

പരിഭാഷയില്‍ മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കിയ സച്ചിദാനന്ദന്‍ സാറിനും ,ശ്രീകുമാര്‍ ചേട്ടനും ഒരുപാട് നന്ദി!!

Anonymous said...

sona.............nallath ennu parayunilla.......ennal aa kavithakalod neethipularthanamenna thanagulude ananya mayaa chedanaye njaanariyunnu........aashamsakal, nandi,jibranepoloru kaviye aduthariyaan sahaaayichadin,ee vishu kaineettam orupaadishtamaayi

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നിന്റെ പരിഭാഷ വായിച്ചു.പക്ഷെ ഖലീലിന്റെ കവിത വായിച്ചിട്ടീല്ല!അതു വായിച്ച ശേഷം നിന്റെ പരിഭാഷയിലെ ആയ്മകളും,പോരായ്മകളും പറയാം!പിന്നെ നീ ബ്ലോഗ് നിറുത്തി എങ്ങോട്ടേക്കാ യാത്ര?നിനക്കതിനു പറ്റുമോ?

സ്മിത മീനാക്ഷി said...

ഏതു ഭാഷയില്‍ വായിച്ചാലും ഖലീല്‍ ജിബ്രാന്റെ കവിതകല്‍ ഉള്‍വാതിലുകളിലൂടെ തിരക്കിട്ടു കയറുന്നു...
നന്ദി, സോന...

Unknown said...

Nicely written..When I read the poem for the first time, I thought it was your creation..Later, I read the English version and came to know that it is a translation..
There is only one word to describe this " MARVELOUS" .You have absorbed even the finest details of the original poem. Keep blogging..

Kuzhur Wilson said...

പ്രിയനേ
ഈ ശ്രമം വലുതാണ്.

ഗദ്യവും പദ്യവും ഇടകലര്‍ത്തുമ്പോള്‍
ചില കരുതലുകള്‍ വേണം

കാട്ടിപ്പരുത്തി said...

ഒരു വായനയിലാവാഹിക്കാനാവുന്നതല്ല ജിബ്രാന്‍ വരികള്‍-
മനസ്സാണെങ്കിലൊരു ശാന്തമായ അവസ്ഥയിലുമല്ല,
അഭിപ്രായം പറയാം ഇപ്പോഴല്ല-

sunil panikker said...

പിശകുകളുണ്ട്‌, വായിക്കുന്നു.. വായിച്ചുകൊണ്ടേയിരിക്കുന്നു..

എന്‍.ബി.സുരേഷ് said...

1. ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ്
അക്ഷരത്തെറ്റുണ്ടോ എന്നു നോക്കുക.
2. ഞാന്‍ മുന്‍പ് പറഞ്ഞ പോലെ സോണയുടെ ഈ
സംസ്കൃതപ്രേമം ഉടനടി ദൂരേക്കെറിയുക.
3. കവിത വിവര്‍ത്തനം ചെയ്യുമ്പോള്‍ കുഴൂര്‍ വിത്സണ്‍
പറഞ്ഞ പോലെ ഗദ്യവും പദ്യവും കൂട്ടിക്കലര്‍ത്തുന്ന
രീതി അവസാനിപ്പിക്കുക.
4. വിവര്‍ത്തനം ചെയ്യുമ്പോള്‍ ദൂരാ‍ന്വയം(ആശയം
വളഞ്ഞുകുത്തി കണ്ടെത്തേണ്ടി വരുന്ന രീതി)
ഒഴിവാക്കി നമ്മുടെ ഭാഷയുടെ ക്രമത്തിനാക്കാന്‍ ശ്രമിക്കുക.
5. വിവര്‍ത്തനത്തില്‍ ചോര്‍ന്നു പൊകൂന്നതെന്തോ
അതാണു കവിത എന്നു പറന്നത് റോബര്‍ട്ട് ബ്രൊവ്ണിംഗ്
അല്ലെ. ആ കവി ഉദ്ദേശിച്ച സംസ്കാരം ചൊര്‍ന്നു പോകരുത്.
മൃത്യു(മരണം) ഗാത്രം(ഉടല്‍) ശ്വേത(വെളുത്ത)വാരിധി(കടല്‍)വീഥി(വഴി, പാത)മന്ദമാരുതന്‍(ഇളങ്കാറ്റ്)മന്ദം(പതുക്കെ)മൃത്യുമഞ്ചം(ശവമഞ്ചം)എന്നിങ്ങനെ നീ എഴൂതിയ വാക്കുകള്‍ക്കെല്ലാം മലയാളത്തിന്റെ ലളിതമായ പകരങ്ങളുണ്ട്.
പ്രേമലഹരിയിലാണെന്റെ ആത്മാവ്, ഉടലാകെ, കരങ്ങളാലെഴുതിയത്,വെള്ളിക്കമ്പി കെട്ടിയ,എന്റെ പ്രാണന് സാന്ത്വനം നല്‍കുക,
പൊന്‍വീണയാല്‍
വരളുന്ന ഹൃദയത്തിനു‌ ചുറ്റും
മൂടുപടം നെയ്യുക


പ്രകാശസ്തൂപമായ
മരണമെന്ന വധുവിനെകാണുക
അനന്തതക്കും, മെന്റെ(അനന്തതയ്ക്കുമെന്റെ)
കൊള്‍കേണം.(ഇങ്ങനെ ഒരു പ്രയോഗമില്ല.)കൊള്ളണം.
കുട്ടികള്‍തന്‍ മ്ര്യദുറോസാവിരലുകളാ-
ലെന്റെ കരംഗ്രഹിച്ചോട്ടെ.
(പനിനീര്‍പ്പൂപോലെ മൃദുലമായ വിരലുകളാല്‍
കുഞ്ഞുങ്ങള്‍ എന്റെ കരം പിടിക്കട്ടെ)
വ്ര്യദ്ധര്‍തന്‍ ഞരമ്പെഴും കൈകളെന്റെ
തിരുനെറ്റിയില്‍ വെച്ചനുഗ്രഹിച്ചീടേണം .(ഇതും മുകളില്‍ പറഞ്ഞ പോലെ മാറ്റണം)
കന്യകമാര്‍ അരികില്‍ വന്ന്
‍ദൈവത്തിന്റെ നിഴല്‍ എന്റെ
കണ്ണില്‍ ദര്‍ശിച്ചിടുന്ന നേരം
എന്റെ ശ്വാസത്തിനൊപ്പമൊഴുകി
നീങ്ങുടുമവന്റെ മാറ്റൊലി
കേള്‍ക്കണം.(ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.

സാമ്പ്രാണിത്തിരി എന്നതിന് മറ്റൊരു വാക്ക് കണ്ടെത്തണം.

ആരോഹണം

ഒരു കുന്നിന്റെ കൊടുമുടി കടന്നു ഞാന്‍ ,
അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും
നീലനക്ഷത്രമുഖരിതമായ ആകാശത്തില്‍
ഉയര്‍ന്നു പറക്കുകാണെന്‍ആത്മാവ്
(ഇവിടെ അര്‍ത്ഥം ചേരുന്നില്ല. പിന്നെ മുഖരിതം എന്നാല്‍ ശബ്ദം നിറഞ്ഞത് എന്നാണ് ആ വാക്കു മാറ്റുക

ദൂരെയാണു്‌ കൂട്ടരെ ,
അതിവിദൂരതയിലാണ് ഞാന്‍(ഇങ്ങനെയായാലൊ)
എന്‍ എന്ന പ്രയോഗങ്ങളെല്ലം എന്റെ എന്നാക്കുക.
വീടുകളെയും പാതകളെയും
വിസ്മൃതിയുടെ കരങ്ങള്‍
വിഴുങ്ങും നേരം(എന്നക്കിയാല്‍?)
മെഴുകുതിരിശോഭപോലെ
മഞ്ഞയായുമ്മ്
അസ്തമയസൂര്യനെപോലെ
ചുവന്നും കാണുന്നത് .(?)
അലിഞ്ഞുചേര്‍ന്നു.(ലയിക്കുന്നു)
എന്നെയോര്‍ത്തു കരയരുതാരു-
മെന്നാലോയൌവനോഷ്മള(എന്നാക്കണം)
മന്ദം മന്ദം......(പതുക്കെ പതുക്കെ)
സന്തോഷമാം വസതികളിലേക്ക്(ആഹ്ലാദത്തിന്റെ ഭവനങ്ങളിലേക്ക്)
നിങ്ങള്‍ മടങ്ങുക
മരണം(മരണത്തിന്) നിങ്ങളില്‍ നിന്നെന്നെ
വേര്‍പ്പെടുത്താന്‍ കഴിയാത്തത്
കണ്ടെത്തണം.

അവശിഷ്ടങ്ങള്‍ ജിബ്രാന്റെ കവിതയായിതന്നെ നില്‍കുന്നു.
ഗദ്യമാവണോ പദ്യമാവണോ എന്ന സംശയമാണ് പ്രധാന പ്രശ്നം. അതു ഒന്നു ഒഴിവാക്കിയാല്‍,മൂലഭാഷയില്‍ വാക്കുകല്‍ അടുക്കി അര്‍ത്ത്ഥങ്ങള്‍ ഉണ്ടാക്കുന്ന രീതി അതുപോലെ വിവര്‍ത്തനത്തില്‍ കോപ്പി ചെയ്യാതിരുന്നാല്‍, സോണയ്ക്ക് വിവര്‍ത്തനത്തില്‍ ഒരു ഭാവിയുണ്ട്.
വിവര്‍ത്തനം ഒരു സാങ്കേതികപ്രക്രിയ അല്ല. അത് ഒരു കവിയുടെ മനസ്സ് പിടിച്ചെടുക്കുന്ന ക്രിയേഷന്‍ ആണ്. ഒരാളുടെ പിടക്കുന്ന ഹൃദയമെടുത്ത് മറ്റൊരാളില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ വയ്ക്കുമ്പോലെ.‍

സോണ ജി said...

വളരെ നന്ദി സുരേഷേട്ടാ....
ഇത്രയും മനോഹരമായി കാര്യങ്ങള്‍ വ്യക്തമാക്കിയതിന്.കുറച്ച് മാറ്റങ്ങള്‍ താങ്കള്‍ പറഞ്ഞപ്രകാരം മാറ്റിയിട്ടുണ്ട്. സമയം എടുത്ത് ബാക്കി ശരിയാക്കുന്നതാണ്.നന്ദി പരന്ന വായനക്കും ആത്മാര്‍തക്കും !!!

വിജയലക്ഷ്മി said...

കവിത പരിഭാഷചെയ്യാനുള്ള ശ്രമത്തിനു ഒരു ഹായ്‌ "ഖലീല്‍ ജിബ്രാന്‍"കവിത വായിച്ചിട്ട് താരതമ്യം ചെയ്യുമ്പോള്‍ എന്തൊക്കയോ പാകപ്പിഴകള്‍ തോന്നുന്നു .മിക്കകാര്യങ്ങളും സുരേഷ് പറഞ്ഞിട്ടുണ്ട് ..ഒന്നുകൂടി ശ്രമിച്ചാല്‍ ശരിയാവും ..
പിന്നെ ബ്ലോഗെല്ലാം നിര്‍ത്തിവേച്ചിട്ടു എങ്ങോട്ടാണ് പോകുന്നത് ?

jayanEvoor said...

ഇതിന്റെ ഒറിജിനൽ വായിക്കാത്തതുകൊണ്ട് ഒന്നും അറിയില്ല.
എന്തായാലും പുതു മേഖലകളിലേക്ക് പറക്കാൻ വിജയാശംസകൾ!

ഗീത രാജന്‍ said...

sona....good attempt...go ahead...create more and more,,,,

Unknown said...

ഡാ നിന്റെ ശ്രമം അഭിനന്ദനാര്‍‌ഹമാണ്‌!
സുരേഷ് മാഷിന്റെ കമന്റ് അതിലേറെ ഇഷ്ടമായി...
മാഷിന്റെ വിലപ്പെട്ട സമയം ബ്ലോഗെഴുത്തുകാര്‍ക്ക് വേണ്ടി നീക്കി വെക്കുന്നതില്‍ സന്തോഷം...

SATCHIDANANDAN said...

Wilson paranjathinodu yojikkunnu. gadyam aakum Gibraninu cheruka. Idaykku padyaghatana varunnu.Pinne kettaalum, kelkkuvin enningine mattunnathum nannaalla, oru tharam sambodhanayil nilkkuka.( ...alum allenkil ...vin)Chilayidathu samskritavaakkukal muzhachu nilkkunnu, (Sthali etc)Gibran tharjuma eluppam ennu thonnum , pakshe aa ease( anaayaasatha) , aa simplicity( saaralyam) pidichedukkal aanu kaaryam. Nalla sramam. Onnu revise cheythu nokkoo.Abhinandanangal.

kichu / കിച്ചു said...

നല്ല ശ്രമം.
കൂടുതല്‍ മനോഹരമാക്കാന്‍ കഴിയും മറ്റൊരു ശ്രമത്തിന്.
ആശംസകള്‍.

എവിടെ പോകുന്നു?? കാശിക്കാണോ :)

മാണിക്യം said...

ഇംഗ്ളീഷ് തന്നെ ഒരു തര്ജിമ ആണു അതില്‍ നിന്നു പകര്‍ത്തിയപ്പോള്‍
അസ്സലിനെക്കാള്‍ കുറേ മാറ്റു കുറഞ്ഞു അതു പറയാതെ വയ്യാ
എന്നാലും നല്ല ഒരു ഉദ്യമം
ഖലീല്‍ ജിബ്രാന്റെ കവിതയുടെ തീവ്രത
അതു മൊഴി മറ്റി തന്നപ്പോള്‍ അറിയാനായി
അതൊരു നല്ല കാര്യം എന്നാലും കുറെ കൂടി നന്നാക്കാം ..
അടുത്തതില്‍ ...

വിരോധാഭാസന്‍ said...

അഭിനന്ദനാര്‍ഹം..കുറെ ബുദ്ധിമുട്ടി...അല്ലേ,,

Neena Sabarish said...

സുരേഷിനെ വായിക്കുക....വീണ്ടും വീണ്ടും പരിഭാഷപ്പെടുത്തുക...ആശംസകള്‍.

(കൊലുസ്) said...

"വിട്ടകലുകയീ സ്ഥലി
നിങ്ങളിവിടെ കണ്ട പൊരുള്‍
നശ്വരലോകത്തില്‍ നിന്നെത്ര
ദൂരെയാണു്‌ കൂട്ടരേ...."

Anonymous said...
This comment has been removed by the author.
Anonymous said...

ഖലീല്‍ ജിബ്രാന്‍ ഒരു പ്രവാചകന്‍ തന്നെയാണ് .അങ്ങനെ കാണാന്‍ ആണ് എനിയ്ക്കിഷ്ടം. അത്ര ദാര്‍ശനികമാണ് അദ്ദേഹത്തിന്റെ വരികള്‍ .ഓരോ വരിയും നമ്മുടെ അസ്തിത്വ പാതയിലെ വിളക്കുകള്‍ . എന്നാല്‍ ഏതൊരു അന്യഭാഷാ കവിതയും തര്‍ജ്ജമ ചെയുമ്പോള്‍ സംഭവിയ്ക്കുന്ന പോലെയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ . അത് ഒരുപക്ഷെ കവിത ചോര്‍ന്നെന്നോ മറ്റോ പറയുന്നതിനേക്കാള്‍ നമ്മള്‍ ആ കവിതയുടെ ആശയം മാത്രമേ ഉപയോഗിച്ചുള്ളൂ എന്ന് പറയുന്നതാണ് ശരി. ഭാഷകള്‍ മാറുമ്പോള്‍ ഇത്തരം അപകടകരമായ സംഗതി ഒളിഞ്ഞിരിയ്ക്കുന്നു . ഓരോ ഭാഷയ്ക്കും അവരുടെതായ താളക്രമങ്ങള്‍ ഉണ്ട്. വിവര്‍ത്തനത്തിലൂടെ ആ താളക്രമം നമുക്ക് കൈമോശം വരുന്നു. അതായതു വെറും ആശയം അല്ലല്ലോ കവിത. അതിനു ഒരു ആത്മാവുണ്ട് .അതിനെയും കൂടെ മൂലകൃതിയില്‍ നിന്നും ആവാഹിയ്ക്കാന്‍ കഴിയണം. മഹാനായ ജിബ്രാന്‍ എന്ത് പറഞ്ഞുവോ അതിന്റെ അര്‍ത്ഥം ആണ് താങ്കള്‍ ഇവിടെ പറഞ്ഞത് എന്നാണ് അഭിപ്രായം. ഗദ്യവും പദ്യവും കലര്‍ത്തുന്നത് ശരിയല്ല. ഗദ്യകവിതകളില്‍ ലാളിത്യമുള്ള പദങ്ങള്‍ ഉപയോഗിച്ചാല്‍ നന്ന് . സുരേഷ് മാഷിന്റെ വിലയേറിയ അഭിപ്രായങ്ങളെ അംഗീകരിയ്ക്കുന്നു. പിന്നെ സംസ്കൃത പ്രേമം കളയണ്ട കേട്ടോ പദ്യത്തില്‍ കവിത എഴുതുമ്പോള്‍ ഉപയോഗപ്പെടും. ..ആശംസകള്‍...

ഞാന്‍ ആചാര്യന്‍ said...

sona priyapetta sona..

ഭാനു കളരിക്കല്‍ said...

സോണ, സുരേഷ്‌ മാഷ്‌ പറഞ്ഞതു ശരിയാവാം. പക്ഷെ ഞാന്‍ ശരിക്കും ആസ്വദിച്ചൂട്ടോ. ഇനിയും വരട്ടെ, നല്ലരചനകള്‍

ഹംസ said...

അഭിനന്ദനങ്ങള്‍ :)

നിയ ജിഷാദ് said...

അഭിനന്ദനാര്‍ഹം..

Vayady said...

ഖലില്‍ ജിബ്രാന്റെ കവിത മൊഴി മാറ്റിയപ്പോള്‍ അതിലെ കവിതയൊന്നും ഒലിച്ചു പോയിട്ടില്ല....ഇതിലും കവിതയുണ്ട്. ശരിക്കും ആസ്വദിച്ചു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.

Anonymous said...

ചേച്ചിപ്പെണ്ണ് - സ്പ്‌നാടകന്‍ വഴിയാണ് ഇവിടെയെത്തിയത്...
Here with a loaf Bread beneath the Bough,
A flask of wine, a book of verse and thou
Beside me singing in the wilderness
And wilderness is paradise enow

എന്നെഴുതിയ ഖ.ജിബ്രാനെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കാകും..

അറിവുള്ളവരായ ശ്രീ.സുരേഷ്. സച്ചിദാനന്ദന്‍ ഇവരൊക്കെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി ഇനിയും മുമ്പോട്ട് പോകുക. ഇതു കണ്ടപ്പോള്‍ എനിക്കും ഒരു മോഹം കുറച്ചു പരിഭാഷ ചെയ്യണമെന്ന്. സെന്‍കഥകള്‍ വായനാലോകത്തില്‍ ചിലതു ഞാനും ചെയ്തിട്ടുണ്ട്.
പിന്നെ എന്താ ഈ വിടപറയല്‍? ഇതിപ്പോള്‍ ബൂലോകത്ത് കൂടെകൂടെക്കാണുന്നുണ്ടല്ലോ...

Ashly said...

great !!!

ചേച്ചിപ്പെണ്ണ്‍ said...

njan nerathe vayichirunnu ....
comentan marannu nne ullooo

Anonymous said...

I made a big mistake...I quoted Omar khayyam and wrote Khalil Gibran....sorry!it was from rubaiyat of Omar Khayam.....

Unknown said...

കടുത്ത ശ്രമത്തിനു നന്ദിയുണ്ട്, എഴുതിനോടൊപ്പം നില്‍ക്കുന്ന മറുമൊഴികള്‍ , തീര്‍ത്തും സാധാരണക്കാരനല്ല താങ്കള്‍ , കുറവുകള്‍ ഒളിപ്പിച് തുടരുക യാത്രകള്‍ സ്നേഹപൂര്‍വ്വം

രാജേഷ്‌ ചിത്തിര said...

Good effort sona...
thudaruka ee shramangal...

Raveena Raveendran said...

വളരെ നന്നായിട്ടുണ്ട് . പരിഭാഷ ചെയ്യുവാനുള്ള ശ്രമം ഇനിയും തുടരുക ,ആശംസകള്‍

അക്ഷരപകര്‍ച്ചകള്‍. said...

നല്ല ശ്രമം.
ആശംസകള്‍.

ഒഴാക്കന്‍. said...

ഒരു കളക്ഷന്‍ തന്നെ എന്‍റെ കയ്യില്‍ ഉണ്ട് എങ്കിലും നന്നായിരിക്കുന്നു അവതരണം

jyo.mds said...

great effort-വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍

കിഴക്കന്‍ said...

വിഴുങ്ങും നേരം
വെളുത്ത ശൂന്യതക്കപ്പുറം
വയലുകളും ,പുല്‍ക്കാടുകളും
മറഞ്ഞ് പോകുന്നു.
വസന്തമേഘങ്ങള്‍പോലെയും
മെഴുകുതിരിശോഭപോല്‍മഞ്ഞയായും ,
അസ്തമയസൂര്യന്റെചുവന്നവെളിച്ചം -
പോലെയും കാണുന്നത് .
നീരൊഴുക്കുകള്‍തന്‍ സങ്കീര്‍ത്തനങ്ങളും,
തിരമാലയുടെ ഗീതങ്ങളും
അലയടിക്കുന്നു .
ജനകൂട്ടത്തിന്റെ മാറ്റൊലി
നിശബ്ദതയിലേക്ക് ലയിച്ചു ചേര്‍ന്നു