വെളിപാട്

അന്നൊരു വെള്ളിയാഴ്ച

'സുബൈറു'മൊന്നിച്ചു
പറഞ്ഞവസാനിപ്പിക്കാത്ത
വിഷയമല്ലാത്തതെന്‍
സ്വപ്നത്തില്‍ കണ്ടു.

കേട്ടറിഞ്ഞിട്ടില്ലാത്തയിടം

കണ്ടറിഞ്ഞിട്ടില്ലാത്തയിടം.
ഝഷം1പോലെയവിടെ-
യൊഴുകി നീങ്ങും
മര്‍ത്യരോട്
ദരം 2വഹിക്കുന്നൊരെന്‍
ദേഹിയെറിഞ്ഞൊരു
ചോദ്യ ശരം :
''എന്താണപകടം പിണഞ്ഞതെന്‍

സോദരേ....?

അറിയില്ല ഞങ്ങള്‍ക്ക്
ന്യായാധിപന്‍
കരുതിവച്ചൊരാ
ശിക്ഷനടപടികള്‍...
പേരു്‌ വിളിക്കായ്
കാത്തു നില്‍ക്കുന്നോര്‍
ഞങ്ങള്‍...

ക്ഷിപ്രമെങ്ങ് നിന്നോ
സ്വര്‍ണ്ണപ്രകാശമരിച്ചുകയറി
അതില്‍ നിന്നും
മുഴങ്ങികേട്ടുച്ചത്തില്‍:
'സോണ........ ഗോപിനാഥ് ....''
സ്വപ്നംമുറിഞ്ഞു
ഞെട്ടിയുണരവേ ,
സ്വേദ3ത്താല്‍ പൊതിയപ്പെട്ടന്‍ ദേഹം
കണ്ടു.

വര്‍ദ്ധിച്ച ഹ്ര്യദയസ്പന്ദനങ്ങള്‍
തട്ടി പ്രതിധ്വനിച്ചെന്‍
ഹ്ര്യദന്ത ഭിത്തിയില്‍.....
----------------------------------------
1ഝഷം -മത്സ്യം
2ദരം -ഭയം

3-സ്വേദം -വിയര്‍പ്പ്

ലഹരി

ശ്രീ യൂസഫലി പാടുന്നു :
'തിരികേ
പ്രേമിക്കത്തോളെ
പ്രേമിപ്പോനെ
പ്രേമത്തിന്റെ ലഹരിയറിയൂ '
അനുഭവതാലത്തിലെടുത്തു-
വെച്ചാ പദങ്ങളെ

പ്രണയ വാളിനാല്‍
രണ്ടായി പകുത്ത
ഹ്ര്യത്തും പ്രതിഷ്ഠിച്ചു .
അലയുന്നൂ ഞാനും ,മെന്റെ
ലഹരിയും .

കവിതയാല്‍

'കാലശേയം'1 തയ്യാറാക്കി
ലഹരിയമര്‍ത്താന്‍ .

എരിയുന്ന ഹ്ര്യദയം
മുളകിനു്‌പകരമായ് നേദിച്ചു.
പേരുംപിച്ചിചീന്തിയിട്ടു ;
കറിവേപ്പിലക്ക് പകരം.
കണ്ണീരും ചാലിച്ചു ;
ഉപ്പിനു്‌പകരം .

പിന്നെ ,
തൂലികയാലിളക്കിയൊരൊറ്റ -
മോന്തലിലെന്റെ
ലഹരിയും ,പ്രണയവുമടങ്ങി-
യെന്നന്നേക്കുമായ്....
*******************************
1.കാലശേയം -മോര്

മീന്‍നാറ്റം (മലയാളി)

അച്ഛന്‍ പഴേ മേശമേല്‍
വച്ചു പോയ ബീഡിയൊഴിച്ചൊന്നുമേ ,
കട്ടിട്ടില്ലിതുവരെ ഞാന്‍ .
രാത്രിയില്‍ ടാറ്റ വെളിവഴി
കടന്നു പോകും
വഴിയാത്രക്കാരോട്
കത്തികാട്ടി
കാശ് ചോദിച്ചിട്ടില്ല .

യൂദാസിന്റെ കറുത്ത കുപ്പായ-
മിണങ്ങുമോയെന്നിട്ടു-
 നോക്കിയിട്ടില്ല. .

എങ്കിലും ,

ജീവിതമെന്ന
ദുസഹതയാം
ചോദ്യചിഹ്നം
താടി തടവി
മുന്നില്‍ വളഞ്ഞു നിന്നപ്പോള്‍
മീന്‍കച്ചോടത്തിലൂടെ-
യുത്തരമോതി ഞാനും .

കവലകള്‍ തോറും കറങ്ങി,
കാറി കൊണ്ട് കൂകി :
'നല്ല പിടക്കണമീനേ..
നാലെണ്ണം പത്ത് രൂപക്ക്
വായോ........'

എന്നിട്ടും ,
സല്‍പേരൊന്നും കിട്ടിയില്ല ;
പേരുദോഷമൊഴിച്ച്.

ഒടുവില്‍ ,
മീന്‍കച്ചോടം വിട്ടു;
മുരളി ഗള്‍ഫില്‍
വിസ തരപ്പെടുത്തിയപ്പോള്‍ .

പിന്നെ ,
പലപ്പോഴായ് കിട്ടിയ
ലീവുകളില്‍
പുത്തന്‍ മണം പൂശി
നാട്ടില്‍ ചെത്തി നടന്നെങ്കിലും ,
വ്യവസ്ഥിതിയുടെ
വായില്‍ നിന്നു വന്ന
വായ്‌നാറ്റം(മീന്‍നാറ്റം )
പുതുമണത്തെയാക്രമിക്കു-
ന്നുണ്ടിപ്പോഴും..

പിടിച്ചു നിര്‍ത്തലിന്റെ കത്തുകള്‍

രണ്ട് കൊല്ലം കഴിഞ്ഞ്

മോന്‍ മടങ്ങുക തിരികേ-
യെന്ന് പറഞ്ഞിട്ടിപ്പോള്‍
ആറ്കൊല്ലം കഴിഞ്ഞതറിഞ്ഞീല.
ഇതിനിടയില്‍ വന്ന
യാചേന രൂപേണയുള്ള
'പിടിച്ചു നില്‍ക്കണേ'- യെന്ന
സ്നേഹാക്ഷരങ്ങള്‍ (അതിഥികള്‍) .
വീണ്ടും വീണ്ടുമെന്നെ
പിടിച്ചു നിറുത്തീടുമ്പോ-
ളൊന്നു ചോദിച്ചോട്ടെ
അല്ലയോ ! വ്യവസ്ഥിതി :
'പിടിച്ചു നില്‍ക്കേണ്ടതെവിടെ-
യെന്ന് ചൊല്‍ക വേണം '

ബസ്സിലെങ്കില്‍ കമ്പിയുണ്ട് ,
മരത്തിലെങ്കിലോ , ശിഖരമുണ്ട്.
മണല്‍ക്കാട്ടിലോ............?

ആകാശമാകെ പരതി നോക്കി
അദ്ര്യശ്യ ശിഖരങ്ങള്‍
ചികഞ്ഞു നോക്കി .

കത്തുകള്‍ വന്നു മുറക്ക് വീണ്ടും
ആവര്‍ത്തനങ്ങള്‍
പുളിച്ചു തികട്ടി .
കത്ത് പൊട്ടിക്കയില്ല ഇന്നിനി ഞാന്‍
മുങ്ങുമാരോടും പറയാതൊരുനാള്‍.
ഞാന്‍ നീയാകുമവേള
നിനക്കും കിട്ടും കത്തുകള്‍ ..
കൂട്ടുകാരാ ,
നീയെവിടെപിടിച്ചാണ്‍ നില്‍ക്കുക-
യെന്ന്ചൊല്ലുകവേണമവരോടായ്....

കവിതകളാലൊരു ചിത

അയച്ചതിലും വേഗംമടങ്ങി ,
പരിഭവം പേറിയെത്തിയ കവിതകള്‍ ,
മടങ്ങിയെത്താതെ
ഏതോ ചവറുകൂനയില്‍
ജന്‍മം പാഴായ
കവിതയുടെ പകര്‍പ്പുകളും
എടുത്ത്
ഈന്തപനയുടെ
കാല്‍ചുവട്ടില്‍
കൂമ്പാരമാക്കി
ചിതയൊരുക്കി .
തീ നാളം നോക്കി നില്‍ക്കവേ ,
സര്‍ഗവേദനയാല്‍
കണ്ണീര്‍ പൊഴിഞ്ഞപ്പോള്‍
'എന്താണു്‌ പൊട്ടാ '
കടലാസ് കത്തിച്ചിട്ട്
കരയുന്നതെന്ന് ചോദിച്ച നൌഷാദെ..
സര്‍ഗവേദനയെന്തെന്നറിയാത്ത
കുട്ടികളുണ്ടാവാത്ത
നിന്നോടെന്തു പറയാനാണ് ഞാന്‍.
ചിതയെരിഞ്ഞടങ്ങിയപ്പോള്‍
കാറ്റ് കണ്ണീര്‍ തുടച്ചപ്പോള്‍
അവസാനത്തെ ചാരവും പേറി
യാത്ര പറഞ്ഞപ്പോള്‍
ഈത്തപഴം പൊഴിഞ്ഞു
വീണെനിക്ക് ബഹുദൂരം
പിന്നിലായ്....

രണ്ട് രാജ്യങ്ങള്‍ ലിഫ്റ്റില്‍ കണ്ടു മുട്ടിയപ്പോള്‍

രണ്ട് രാജ്യങ്ങളൊരിക്കല്‍

കണ്ടുമുട്ടുന്നാ-
പഴയ പൊടി പിടിച്ച
ലിഫ്റ്റില്‍ .

പരിചിതപ്പെടലിന്റെയാമുഖ-
മെന്നോണം
ചോദ്യം വാതില്‍ തുറന്നു
വന്നൊന്നാമനില്‍ നിന്നും :
'പേരെന്താണ്...? '
രണ്ടാമന്‍
ചിരിയില്‍
വാല്‍സല്യത്തിന്‍ വറ്റ് കുഴച്ച്
പറഞ്ഞു പോല്‍ തന്റെ പേര്.
ഒന്നാമന്റെ മുഖത്തപ്പോള്‍

വിദ്വേഷത്തിന്റെയൊരു
കാര്‍മേഘമെങ്ങോ
നിന്നെത്തി നിന്നു.
വീണ്ടും ചോദ്യം :
'മുറിച്ചിട്ടുണ്ടോ...? '
രണ്ടാമന്റെ മുഖത്ത്
നിലാവുണ്ടിപ്പോള്‍ .
അയാള്‍ പോക്കറ്റില്‍ നിന്നും
പേരെടുത്ത് നല്‍കി
പറഞ്ഞു :
''ഇതാ മുറിച്ചേല്‍പ്പിക്ക
തിരികേ വേഗം ''

അപ്പോള്‍ ലിഫ്റ്റിലെ
ബള്‍ബിലെ
ഫിലമെന്റ് നാഡി
പൊട്ടി പോയി.
ഇപ്പോള്‍ ഇരുട്ടാണ്
ലിഫ്റ്റിനകം .
ഒന്നാമന്‍ ഇരുട്ടിനെ
കെട്ടി പുണര്‍ന്നു നിന്നു.
രണ്ടാമനോടി പുറത്തേക്ക്

പുറത്ത് നല്ല വെളിച്ചം ,
കാറ്റ് , കലപില ശബ്ദങ്ങള്‍ ..
ഈന്തപന വീഥിക്കരുകില്‍
നട്ടു പിടിപ്പിച്ച
നിരവധി ചെടികള്‍ ,
നിരവധി പൂക്കള്‍
അവനോരോന്നും
മണത്തു നോക്കി
അതേ !യെല്ലാത്തിനും
അതിന്റേതായ നല്ല മണം .
അവന്‍ തിരിച്ചു നടന്നു
ലിഫ്റ്റ് ലക്ഷ്യമാക്കി
അപ്പോളവിടെ
ലിഫ്റ്റിനു പകരം
ഇരുട്ട് കട്ട പിടിച്ച
ചെങ്കല്ല്.