വിട

കഴിഞ്ഞ ആറുകൊല്ലമായി
അഭയം തന്ന നഗരമേ ,
നിനക്ക് വിട !
ചിതലരിച്ച നാടകങ്ങള്‍ക്കും ,
കൂട്ടികൊടുപ്പിനും ,
പ്രോത്സാഹനം നല്‍കിയവളെ ,
നിനക്ക് വിട !
എന്നെ കോവണിയാക്കിയവരെ
നീ കണ്ടില്ലെന്നു നടിച്ചു .
അവര്‍ക്ക് നല്‍കിയതോ..?
എന്നിട്ടും , നിന്റെയോരം ചേര്‍ന്നു നടന്നത്
നീ നല്‍കിയ അന്നത്തെയോര്‍ത്താണ്..
ഇന്നെനിക്ക് വയ്യ !
നിന്റെ യോനിയിലെ ചൂട്
താങ്ങാനും ,
കോവണിയാവാനും
കരുത്തില്ല എനിക്ക് .
മുതുകിലെ
ചുവടുകള്‍ തീര്‍ത്ത തഴമ്പില്‍ നിന്നും
കല്‍ക്കരി ഒഴുകുന്നുണ്ട് ആത്മാവിലേക്ക് ...
കാലമോ നോക്കികുത്തിയാകുന്നു
കവിത മുടി കൊത്തി തിന്നുന്നു...
തല അച്ഛന്റെ കൈയൊപ്പാകുന്നു..
അങ്ങകലെ ,
അമ്മയുടെ പാദത്തിനു മീതെയുള്ള
സ്വര്‍ഗത്തിന്റെ അടിത്തറയുടെ
മണ്ണും ഒലിച്ചുപോകുന്നു...
അമ്മയുടെ പാദംതേടിയാത്രയാകുന്നു...
തെറ്റുകള്‍ പൊറുത്താലും നിങ്ങള്‍.........!


വയ്യെന്റെ നഗരമേ ,  വിട !

ചിലര്‍

ചിലര്‍
അങ്ങനെയാണ്.

ദു:ഖം വരുമ്പോള്‍
സത്രമാക്കി കളയും നമ്മെ .
നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍ .
സഹായവും തോളിലേറ്റി
സഞ്ചരിക്കും വിദൂരതയിലേക്ക്...
സത്രം അടഞ്ഞുകിടക്കുന്നതും ,
വിങ്ങുന്നതും അവര്‍ സന്തോഷിക്കുമ്പോഴാണ്.
ഇപ്പോള്‍ ഒരു മുട്ട് കേള്‍ക്കുന്നുണ്ടോ
വാതില്‍ക്കല്‍ ?

ഉറപ്പിക്കാം ,
ദു:ഖം ആരെയോ അതിന്റെ ചുടുവിരല്‍ കൊണ്ട്
തൊട്ടിരിക്കാം....
*****************
മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്

ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍

(Courtesy :Google )
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
മരത്തെ തലോടി മടങ്ങുന്ന
നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം
മാധുര്യത്തിന്‍ സംഗീത സദസ്സ് .
പ്രണയോന്‍മാദത്തില്‍ , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്‍ക്കും സംഗീതം .
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍ ,
മുടിയാകെ ഇരുണ്ട ഇലകളും .
സംഗീതത്തിന്‍ ചായ്‌വിന്റെ തലപ്പിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന്‍ മീതെയെന്തിനോ -
വേണ്ടി പരതുന്നൂ വിരലുകള്‍ ....

സിഗരറ്റ്

സിഗരറ്റ്
ഒരു പ്രതീകം .
വലിക്കുന്നവന്‍
വിഡ്ഢിയല്ല.
വലി കഴിഞ്ഞ്
ചെരിപ്പിനാല്‍
മെതിക്കപ്പെടുന്നവന്‍
പിന്നെയാര്?

അക്ഷരജാലകം

വാക്കുകള്‍

നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു


(Courtesy :Google)

നിന്നിലും , നിന്റെ വിധിയിലും ഞാന്‍

വിശ്വാസമര്‍പ്പിച്ചു നില്‍പ്പുവല്ലോ.
ഉത്തരാധുനികതയുടെ വക്താക്കള്‍
നിങ്ങളാണെന്ന് കരുതട്ടെ ഞാനും .

കൃതജ്ഞതയുടെ സമ്മാനം പോലെ
അമേരിക്കതന്‍ മടിത്തട്ടിലായ് ,
അഭിമാനത്തോടെ മയങ്ങുവനായ്
നിങ്ങള്‍ക്കിന്നു കഴിയുന്നതെന്തന്നാല്‍
ഗീതത്താലും , പ്രവചനത്താലും,
പൂര്‍വ്വപിതാക്കള്‍തന്‍ സ്വപ്നങ്ങളില്‍ -
നിന്നും ലഭിച്ച വരദാനമായപൈതൃക സ്വത്തിനാലെന്ന് കരുതിടട്ടെ ....

ലബനിസിന്റെ കുന്നില്‍ നിന്നും
വേരു പിഴുതെടുത്തൊരു യുവവൃക്ഷം
വളര്‍ന്ന് പന്തലിച്ച് വേരു പടര്‍ത്തി
ഫലസമൃദ്ധമായി പുഷ്പിക്കനായ്
നില്‍ക്കുന്നുവെന്നീ മഹത്തായ ദേശത്തിന്റെ
സ്ഥാപകരോട് പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്
പ്രതീക്ഷിച്ചീടട്ടെ ഞാനുമല്ലോ .

നസ്രേത്തുവിന്റെ യേശുനാഥന്‍
സംസാരിച്ചപ്പോള്‍ നിങ്ങള്‍തന്‍ ചുണ്ടില്‍
സ്പര്‍ശിച്ചനുഗ്രഹിച്ചെന്നും ,
എഴുതിയപ്പോള്‍ വഴികാട്ടിയായി നിങ്ങള്‍തന്‍ കരങ്ങള്‍ക്കെന്നുമേ !
നിങ്ങള്‍ പറഞ്ഞു കുറിച്ചതുമായയെല്ലാകാര്യങ്ങളിലും ഞാന്‍
പിന്താങ്ങിയെന്ന് എബ്രഹാം ലിങ്കനോടായ് നിങ്ങള്‍
പറയുമെന്ന് ഞാന്‍ വിശ്വസിച്ചീടുന്നു....


എന്റെ സിരകളിലോടുംരക്തംജ്ഞാനികളായ വൃദ്ധരുടേയും ,
കവികളുടേയുമാണെന്നും ,
നിങ്ങളിലേക്ക് വരികയും കൂട്ടുകയുമെന്നതെന്റെ മോഹം
എന്നാലോ, വെറും കൈയാല്‍ ഞാന്‍ വരില്ലയെന
എമേഴ്സണോടും, വിറ്റ്മാനോടും, ജയിംസിനോടും പറഞ്ഞു കൊള്ളേണം

നിങ്ങളുടെ പിതാക്കന്‍മാരെല്ലാം
ഈ തീരം തേടി വന്നതു പോലും
പണമുണ്ടാക്കാന്‍ മാത്രമല്ലോ .
ബുദ്ധിശക്തിയാലും, കഠിനാദ്ധ്വാനത്താലും
സമ്പത്തുണ്ടാക്കുവാന്‍ നിങ്ങളിവിടെ
പിറന്നതെന്നു ഞാന്‍ കരുതീടുന്നൂ...

നല്ല ജനതയെ വാര്‍ത്തെടുക്കാന്‍ നിങ്ങളി-
ലൂടെ കഴിയുകയുള്ളൂ......

ഒരു നല്ല പൌരനെന്നാല്‍ ആരായിരിക്കണം?

മറ്റുള്ളോര്‍തന്‍ അവകാശങ്ങള്‍
സ്വന്തമെന്നുറപ്പിക്കും മുന്നേ, യത്-
അംഗീകരിക്കേണ്ടതും നിങ്ങളുടെ സ്വന്ത-
മെന്ന ബോധത്തിലാവണം .

കര്‍മ്മ ചിന്തകളില്‍ സ്വതന്ത്രരാകുവിന്‍
എന്നാലറിയേണം മറ്റുള്ളോര്‍തന്‍ സ്വാതന്ത്ര്യം
നിങ്ങള്‍തന്‍ സ്വാതന്ത്ര്യത്തില്‍ വിഷയീഭവിക്കുന്നതും...

മനോഹാരിതവും , പ്രയോജനവുമായ സ്വകരവിരുതിനാല്‍ രൂപപ്പെടുത്തേണം നിങ്ങളിത് .
മറ്റുള്ളോര്‍തന്‍ സ്നേഹവിശ്വാസത്തില്‍ -
സൃഷ്ടിച്ചതിനെയാദരിക്കുകയും വേണമൊപ്പം .

സമ്പത്തുണ്ടാവട്ടെ അദ്ധ്വാനത്താല്‍,
അദ്ധ്വാനം കൊണ്ടതൊന്നുമാത്രം !
വരവിനേക്കാള്‍ കുറച്ച് നിങ്ങള്‍ ചിലവഴിച്ചീടേണം ;
നിങ്ങളില്ലെങ്കിലും കുട്ടികളന്യര്‍തന്‍
സഹായം തേടാതിരിപ്പതിനായ്......

ആന്റിയോക്കിലും, സിദോനിലും, ടൈറിലും,
ബിബ്ളസിലും, ഡമാസ്കസിലുമായ് പടുത്തുയര്‍ത്തിയ ജനതയുടെ
പിന്‍തുടര്‍ച്ചക്കാരന്‍ ഞാനെന്ന്
സാന്‍ഫ്രാന്‍സിസ്കോയുടെയും, ചിക്കാഗോയുടേയും ,
വാഷിംഗ്ടണിന്റേയും , ന്യൂയോര്‍ക്കിന്റേയും
ഗോപുരങ്ങള്‍ക്കുമുന്നില്‍ നിന്ന് നെഞ്ച് വിരിച്ച്
പറഞ്ഞീടേണം നിങ്ങള്‍ .

അമേരിക്കനാവുകയെന്നഭിമാനിക്കെതന്നെ,
അഭിമാനിക്കേണം നിങ്ങളും സ്വയം .
നിങ്ങളൂടെ പിതാക്കന്‍മാരും, മാതാക്കന്‍മാരും ,
ദൈവത്തിന്റെ കാരുണ്യം ചൊരിയും കരങ്ങളില്‍ നിന്നും ,
വാഴ്‌ത്തപ്പെട്ട പ്രവാചകര്‍തന്‍
പുണ്യ ഭൂവില്‍ നിന്നും വന്നതിനാല്‍ !!

.

എന്നെ ആലിംഗനം ചെയ്യാത്ത അച്ഛന്‍...

അന്ധ വിശ്വാസം


(Courtesy :Google)

മാമന്റെ മകന്‍ മിലിന്ദ്
മരിച്ചത് യാദൃശ്ചികം .
അജ്ഞാതമായിരുന്നു നിദാനം
മെഡിക്കല്‍ സയന്‍സിനും .
മരിപ്പിനു ചെന്നയെന്നെ ചൂണ്ടി -
യുച്ചത്തില്‍ കരഞ്ഞു പറഞ്ഞു മാമി :
''ഇവളാണെന്റെ കുഞ്ഞിനെ കൊന്നത് ;
             കൂടോത്രം ചെയ്ത്........''
നിരവധി കണ്ണുകള്‍ ചാട്ടുളിയായി -
യെന്നില്‍ പതിക്കും നേരം
ഞാനോതരിച്ചു നിന്നു പ്രതിമപോലെ....
എന്നിലെ വാക്കുകള്‍ ഉണങ്ങി
             ആവിയായ്....
ഇരുട്ട് കാവിമുണ്ടുടുത്ത്
കണ്ണുകള്‍ കൂട്ടി കെട്ടിയവരുടെ
അവര്‍ക്കെന്നെ കാണാനായില്ല .
ഞാനോ ,യുരുകിമണ്‍പലക-
           യോട് ചേര്‍ന്നു .
**********************************************
Ezhuth online മാഗസിനില്‍ പ്രസിദ്ധീകരിച്ചത്

സ്വര്‍ഗത്തിലേക്ക് വീണ്ടും

(Courtesy : Google)
സ്വര്‍ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം ,
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈചേര്‍ത്ത് .

സ്വര്‍ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക് ,
മലഞ്ചരിവില്‍ തത്തികളിച്ച
മേഘമുദ്രയും നമ്മള്‍ രണ്ടും ചേര്‍ന്ന് .

സ്വര്‍ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്...


ഈ മനോഹര ജീവിത അവസാനയാത്രയില്‍
തിരികെപോയി ചൊല്ലും ഞാന്‍ :
''എത്ര സുരഭിലമായിരുന്നതെന്നോ.''

തിരിച്ചറിവ്(Courtesy : Google )
ചങ്ക് പറിച്ചു -

കാണിച്ചതാണവള്‍ക്ക് .
ചെമ്പരത്തിയല്ലെ,യിതെന്നു
പറഞ്ഞു കളഞ്ഞവള്‍ .

ഒരിക്കല്‍,
മറ്റൊരുവന്റെ വലം കൈയില്‍
തന്റെ ഇടം കൈ മുറുകേ പിടിച്ച്
ഇടവഴിയിലൂടെ നടന്നൂ പോയവള്‍...
ചങ്കിലെ ചെമ്പരത്തിയോ
കാലമെടുത്ത്
ചെവിയില്‍ വെച്ചു തന്നു മെല്ലെ...

അതിനുശേഷമത്രേ,
ജീവിതത്തിന്റെ നിറം
ചെമ്പരത്തിയെന്നു
തിരിച്ചറിഞ്ഞത്.

നിന്നോട് , ചിലത്...

നിന്നോട് ചോദിക്കാതെ-
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും...


(കടപ്പാട് :ഗൂഗിള്‍ ഒണ്ടിക്കാവ്)

നിന്നെ കാത്തു ഞാന്‍ നിന്ന
ഒണ്ടിക്കാവിലെ ആല്‍ മരം
വിരഹത്തിന്റെ മന്ദിപ്പില്‍
പെയ്തലക്കുന്നു...

ആലിലകളില്‍ കാറ്റ്
ശോകഗാനത്തിന്‍
ഇടക്ക വായിക്കുന്നു...
നീ അന്നെനിക്കായ് ചൊല്ലിയ
കവിതയും  ,
ഒണ്ടിക്കാവും
ഓര്‍മ്മകല്ലുകള്‍ക്കു കീഴെ
ഞെരുങ്ങുന്ന നേരം
മനസൊരു പാഴ്‌മരുഭൂമിയാകുന്നു.
ഇവിടെയോ ,യിനിയൊരു പ്രണയം
പൂക്കില്ലൊരുനാളും .
പ്രതീക്ഷയുടെ പുല്ലണിഞ്ഞ പാത
കരിഞ്ഞ് മണ്‍പലകയോട്
ചേര്‍ന്നിരിക്കുന്നു.
കണ്ണുനീരിന്റെ ഒഴുക്കില്‍
വളക്കൂറു്‌ ഒലിച്ചു പോയെ--
ങ്ങോ മറഞ്ഞു.
കാറ്റിലാടുന്നൊരുണക്ക ചില്ല-
മാത്രമവശേഷിക്കുന്നിപ്പോഴും...


ഏകാന്തതയുടെ വാത്മീകത്തിലുള്‍-
വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടേ.......?
സഖീ  ,
ആകെ ഞാനോ തളര്‍ന്നിരിക്കുന്നു.....

(കടപ്പാട് :ഗൂഗിള്‍ )

അപരിചിതന്‍

പിതൃസ്മൃതി

മൃത്യുവിന്റെ സൌന്ദര്യം

ഖലീല്‍ ജിബ്രാന്‍(Picture courtesy : Google)
ഞാനൊന്നുറങ്ങട്ടെ ,
പ്രേമ ലഹരിയിലാണെന്‍
ആത്മാവ്.
ഞാനൊന്നു വിശ്രമിക്കട്ടെ,
ദാനം കിട്ടിയ ദിനരാത്രങ്ങളിലാ-
ണെന്റെ ചേതന.
സാമ്പ്രാണിതിരി പുകക്കുക
കിടക്കക്ക്ചുറ്റും,മെഴുകുതിരികള്‍
കത്തിച്ചു വെച്ചാലും !
വിതറുക മുല്ലയുടേയും , റോസയുടേയും
ഇതളുകളാലെന്റെ ഗാത്രത്തിലുടനീളം
സുഗന്ധതൈലത്താല്‍
കോതിയൊതുക്കുകയെന്‍ തലമുടി
വാസനതൈലം തൂവുക
കാലടികളില്‍.
മൃത്യുവതിന്റെ കരങ്ങളിലെഴുതിയത്
എന്റെ തിരുനെറ്റിയില്‍ വായിച്ചാലും !
നിദ്രയുടെ വിശുദ്ധകരങ്ങളില്‍
ഞാനൊന്നു മയങ്ങട്ടെ
തുറന്ന മിഴികളാകമാനം
തളര്‍ന്നിരിക്കുന്നു
വെള്ളി തന്ത്രി കെട്ടിയ
പൊന്‍വീണമീട്ടി സാന്ത്വനമേ-
കീടേണമെന്റെ പ്രാണന്.
വരളുന്ന ഹൃദയത്തിന്‍‌ ചുറ്റും
മൂടുപടം നെയ്യുക പൊന്‍വീണയാല്‍ !
പ്രത്യാശയുടെ ഉദയമെന്‍
കണ്ണുകളില്‍ ദര്‍ശിച്ച്
കഴിഞ്ഞ കാലത്തെ കുറിച്ച്
നിങ്ങള്‍ പാടുവിന്‍...
ഹൃദയവശിഷ്ടങ്ങള്‍ക്ക് മീതെ
നിലകൊള്ളുന്നൊരു മാന്ത്രികപൊരു-
ളൊരു മൃദു മഞ്ചം .

പ്രിയസ്നേഹിതരേ ,
കണ്ണീര്‍ തുടക്കുവിന്‍
പൂക്കളെപോല്‍ തലകള്‍
ഉയര്‍ത്തുവിന്‍
ഉദയത്തെ വരവേല്‍ക്കുവാന്‍
ശിരോലങ്കാരമുയര്‍ത്തിപിടിച്ചാലും.
കാണുക പ്രകാശസ്തൂപമാം
മരണമെന്ന വധുവിനെ
അനന്തതക്കുമെന്റെ കിടക്കയ്ക്കു-
മിടയില്‍ നിലയുറപ്പിച്ചത് .
വെള്ള ചിറകടി മര്‍മ്മരത്താലെന്നെ-
യവള്‍ മാടി വിളിക്കുന്നത്
ശ്വാസമടക്കി നിങ്ങള്‍ കേട്ടാലും !
വേര്‍പാടിനെ ക്ഷണിക്കാ-
നടുത്തു വന്നു കൊള്ളണം
പുഞ്ചിരിയുതിര്‍ക്കുന്ന അധരങ്ങനളാ-
ലെന്റെകണ്ണുകള്‍ സ്പര്‍ശിച്ചീടേണം.
കുട്ടികള്‍തന്‍ മൃദു റോസാവിരലുകളാ-
ലെന്റെ കരംഗ്രഹിച്ചോട്ടെ.
വൃദ്ധര്‍‍തന്‍ ഞരമ്പെഴും കൈകളെന്റെ
തിരുനെറ്റിയില്‍ വെച്ചനുഗ്രഹിച്ചീടേണം .
കന്യകമാര്‍ ദൈവത്തിന്റെ നിഴല്‍
അരികില്‍ വന്നെന്‍
കണ്ണില്‍ ദര്‍ശിച്ചിടും നേരം
എന്റെ ശ്വാസത്തിനൊപ്പമൊഴുകി
നീങ്ങുടുമവന്റെ മാറ്റൊലി
കേള്‍ക്കുമാറാകേണം .
 
2.ആരോഹണം
 
ഒരു കുന്നിന്റെ കൊടുമുടി കടന്നു ഞാന്‍ ,
അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും
നീലനക്ഷത്രഖചിതമായ ആകാശത്തില്‍
ഉയര്‍ന്നു പറക്കുകാണെന്‍ആത്മാവ് .
ദൂരെയാണു്‌ കൂട്ടരെ ,
അതിവിദൂരതയിലാണു്‌ ഞാന്‍ .

മേഘങ്ങള്‍ കുന്നുകളെയെന്‍
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നു .
നിശബ്ധവാരിധിയാല്‍ താഴ്വരകളാ -
കമാനം നിറഞ്ഞു തുളുമ്പിയല്ലോ...
വീടുകളും ,വീഥികളും


വിസ്മൃതിയുടെ കരങ്ങള്‍

വിഴുങ്ങും നേരം
വെളുത്ത ശൂന്യതക്കപ്പുറം
വയലുകളും ,പുല്‍ക്കാടുകളും
മറഞ്ഞ് പോകുന്നു.
വസന്തമേഘങ്ങള്‍പോലെയും
മെഴുകുതിരിശോഭപോല്‍മഞ്ഞയായും ,
അസ്തമയസൂര്യന്റെചുവന്നവെളിച്ചം -
പോലെയും കാണുന്നത് .
നീരൊഴുക്കുകള്‍തന്‍ സങ്കീര്‍ത്തനങ്ങളും,
തിരമാലയുടെ ഗീതങ്ങളും
അലയടിക്കുന്നു .
ജനകൂട്ടത്തിന്റെ മാറ്റൊലി
നിശബ്ദതയിലേക്ക് ലയിച്ചു ചേര്‍ന്നു

അനശ്വരസംഗീതം
ശൂന്യതയെന്ന് ഞാന്‍ ശ്രവിക്കേ ,
സ്വരചേര്‍ച്ചയിലല്ലോ
പ്രാണന്റെമോഹങ്ങള്‍ .

3. അവശിഷ്ടങ്ങള്‍

മോചിപ്പിക്കുകയെന്നെ
ശ്വേത വസ്ത്രത്തിന്റെ മൂടുപടത്തില്‍ നിന്നും .
പുതപ്പിക്കുക റോസയുടെയും ,
ലില്ലിയുടേയും ഇതളുകളാല്‍ !
ദന്തനിര്‍മ്മിത ഖബറില്‍നിന്ന്
ശരീരമെടുത്താലും
ശയിക്കട്ടെയത് ഓറഞ്ചുതോടിനാല്‍
തീര്‍ത്ത തലയിണയില്‍ .
എന്നെയോര്‍ത്തു കരയരുതാരും ,
മെന്നാലോയൌവനോഷ്മള
ഗീതങ്ങളാലപിച്ചാലും !
കണ്ണീര്‍പൊഴിക്കരുതെന്നില്‍
എന്നാലോ ,വീഞ്ഞുയന്ത്രത്തേയും
കൊയ്ത്തിനേയുംപറ്റി പാടുക .
മരണവേദനയാല്‍
പശ്ചാത്തപിക്കരുത്
എന്നാലോ ,വരക്കുക
സന്തോഷ്മള ചിത്രങ്ങളെന്റെ
മുഖത്ത് നിങ്ങളുടെ വിരലുകളാല്‍ !
ദുആ-മന്ത്രോച്ചാരണങ്ങളാല്‍
കാറ്റിന്റെ പ്രശാന്തത ഭഞ്ജിക്കരുത് .
എന്നാലോ,യെന്നെ ഹ്ര്യദയത്തിലേറ്റി
നിത്യജീവന്റെ ഗീതങ്ങളാലപിക്കൂ...
വിലപിക്കരുത് കറുത്തവസ്ത്ര-
മണിഞ്ഞെന്നെയോര്‍ത്ത് .
എന്നാലോ ,വര്‍ണ്ണവേഷമണി-
ഞെന്നില്‍ഘോഷിച്ചാലും !
നിങ്ങളുടെ ഹ്ര്യദയങ്ങളില്‍
നെടുവീര്‍പ്പുകളരുതെന്റെ
വേര്‍പാട് ഓര്‍ത്ത്..
കണ്ണുകളടച്ച് നിങ്ങള്‍
നിത്യതയെന്റെ കണ്ണില്‍
ദര്‍ശിച്ചാലും
സൌഹ്ര്യദ ചുമലുകളെന്നെ
വഹിച്ചീടേണം
മന്ദം നടക്കവേണം
വന്യമായ കാട്ടിലേക്ക്....
ഇലക്കൂട്ടങ്ങള്‍ക്ക് മീതെ
വെച്ചാലുമെന്നെ .
മുല്ലയുടേയും ,ലില്ലിയുടേയും
വിത്തുകള്‍ കൂട്ടി കുഴച്ച
മൃദു  മണ്‍തരികളാലെന്നെ മൂടണം .
അവയെന്നില്‍ വളര്‍ന്നു പന്തലിച്ചിടും കാലം
വന്നണയുന്ന വഴിയാത്രികരെന്റെ
ഹൃദയസുഗന്ധം ശ്വസിച്ചു കൊള്‍കട്ടെ

ഇളംകാറ്റില്‍ പോകും പായ്കപ്പല്‍
യാത്രികനത് ആശ്വാസവുമേകിടട്ടെ .

വിട്ടകലുകയെന്നെ , വിട്ടകലുക കൂട്ടരെ
നിശബ്ദകാലടികളാല്‍ !
വന്യമായ താഴ്വരയിലൂടെ
നിശബ്ദമായി സഞ്ചരിച്ചാലും !

ദൈവത്തിലേക്കെന്നെ
പറഞ്ഞയച്ച്
ബദാം മരത്തിന്റേയും ,ആപ്പിള്‍ മരത്തിന്റേയും
പൂക്കള്‍ തീര്ത്ത കുടക്കും
മന്ദമാരുതന്റെ ദ്രുത ചലനത്തിനും
കീഴെ നിങ്ങള്‍പിരിഞ്ഞുപോയാലും
മന്ദം മന്ദം......
സന്തോഷമാം ഭവങ്ങളിലേക്ക്
മടങ്ങവേണം നിങ്ങള്‍
മരണത്തിന് നിങ്ങളില്‍ നിന്നെന്നെ
വേര്‍പ്പെടുത്താന്‍ കഴിയാത്തത്
കണ്ടെത്തണം .

വിട്ടകലുകയീ സ്ഥലി
നിങ്ങളിവിടെ കണ്ട പൊരുള്‍
നശ്വരലോകത്തില്‍ നിന്നെത്ര
ദൂരെയാണു്‌ കൂട്ടരേ....

വിട്ടകലുകയെന്നെ......
****************************
ആംഗലേയം ഇവിടെ വായിക്കാം

വെളിപാട്

അന്നൊരു വെള്ളിയാഴ്ച

'സുബൈറു'മൊന്നിച്ചു
പറഞ്ഞവസാനിപ്പിക്കാത്ത
വിഷയമല്ലാത്തതെന്‍
സ്വപ്നത്തില്‍ കണ്ടു.

കേട്ടറിഞ്ഞിട്ടില്ലാത്തയിടം

കണ്ടറിഞ്ഞിട്ടില്ലാത്തയിടം.
ഝഷം1പോലെയവിടെ-
യൊഴുകി നീങ്ങും
മര്‍ത്യരോട്
ദരം 2വഹിക്കുന്നൊരെന്‍
ദേഹിയെറിഞ്ഞൊരു
ചോദ്യ ശരം :
''എന്താണപകടം പിണഞ്ഞതെന്‍

സോദരേ....?

അറിയില്ല ഞങ്ങള്‍ക്ക്
ന്യായാധിപന്‍
കരുതിവച്ചൊരാ
ശിക്ഷനടപടികള്‍...
പേരു്‌ വിളിക്കായ്
കാത്തു നില്‍ക്കുന്നോര്‍
ഞങ്ങള്‍...

ക്ഷിപ്രമെങ്ങ് നിന്നോ
സ്വര്‍ണ്ണപ്രകാശമരിച്ചുകയറി
അതില്‍ നിന്നും
മുഴങ്ങികേട്ടുച്ചത്തില്‍:
'സോണ........ ഗോപിനാഥ് ....''
സ്വപ്നംമുറിഞ്ഞു
ഞെട്ടിയുണരവേ ,
സ്വേദ3ത്താല്‍ പൊതിയപ്പെട്ടന്‍ ദേഹം
കണ്ടു.

വര്‍ദ്ധിച്ച ഹ്ര്യദയസ്പന്ദനങ്ങള്‍
തട്ടി പ്രതിധ്വനിച്ചെന്‍
ഹ്ര്യദന്ത ഭിത്തിയില്‍.....
----------------------------------------
1ഝഷം -മത്സ്യം
2ദരം -ഭയം

3-സ്വേദം -വിയര്‍പ്പ്

ലഹരി

ശ്രീ യൂസഫലി പാടുന്നു :
'തിരികേ
പ്രേമിക്കത്തോളെ
പ്രേമിപ്പോനെ
പ്രേമത്തിന്റെ ലഹരിയറിയൂ '
അനുഭവതാലത്തിലെടുത്തു-
വെച്ചാ പദങ്ങളെ

പ്രണയ വാളിനാല്‍
രണ്ടായി പകുത്ത
ഹ്ര്യത്തും പ്രതിഷ്ഠിച്ചു .
അലയുന്നൂ ഞാനും ,മെന്റെ
ലഹരിയും .

കവിതയാല്‍

'കാലശേയം'1 തയ്യാറാക്കി
ലഹരിയമര്‍ത്താന്‍ .

എരിയുന്ന ഹ്ര്യദയം
മുളകിനു്‌പകരമായ് നേദിച്ചു.
പേരുംപിച്ചിചീന്തിയിട്ടു ;
കറിവേപ്പിലക്ക് പകരം.
കണ്ണീരും ചാലിച്ചു ;
ഉപ്പിനു്‌പകരം .

പിന്നെ ,
തൂലികയാലിളക്കിയൊരൊറ്റ -
മോന്തലിലെന്റെ
ലഹരിയും ,പ്രണയവുമടങ്ങി-
യെന്നന്നേക്കുമായ്....
*******************************
1.കാലശേയം -മോര്

മീന്‍നാറ്റം (മലയാളി)

അച്ഛന്‍ പഴേ മേശമേല്‍
വച്ചു പോയ ബീഡിയൊഴിച്ചൊന്നുമേ ,
കട്ടിട്ടില്ലിതുവരെ ഞാന്‍ .
രാത്രിയില്‍ ടാറ്റ വെളിവഴി
കടന്നു പോകും
വഴിയാത്രക്കാരോട്
കത്തികാട്ടി
കാശ് ചോദിച്ചിട്ടില്ല .

യൂദാസിന്റെ കറുത്ത കുപ്പായ-
മിണങ്ങുമോയെന്നിട്ടു-
 നോക്കിയിട്ടില്ല. .

എങ്കിലും ,

ജീവിതമെന്ന
ദുസഹതയാം
ചോദ്യചിഹ്നം
താടി തടവി
മുന്നില്‍ വളഞ്ഞു നിന്നപ്പോള്‍
മീന്‍കച്ചോടത്തിലൂടെ-
യുത്തരമോതി ഞാനും .

കവലകള്‍ തോറും കറങ്ങി,
കാറി കൊണ്ട് കൂകി :
'നല്ല പിടക്കണമീനേ..
നാലെണ്ണം പത്ത് രൂപക്ക്
വായോ........'

എന്നിട്ടും ,
സല്‍പേരൊന്നും കിട്ടിയില്ല ;
പേരുദോഷമൊഴിച്ച്.

ഒടുവില്‍ ,
മീന്‍കച്ചോടം വിട്ടു;
മുരളി ഗള്‍ഫില്‍
വിസ തരപ്പെടുത്തിയപ്പോള്‍ .

പിന്നെ ,
പലപ്പോഴായ് കിട്ടിയ
ലീവുകളില്‍
പുത്തന്‍ മണം പൂശി
നാട്ടില്‍ ചെത്തി നടന്നെങ്കിലും ,
വ്യവസ്ഥിതിയുടെ
വായില്‍ നിന്നു വന്ന
വായ്‌നാറ്റം(മീന്‍നാറ്റം )
പുതുമണത്തെയാക്രമിക്കു-
ന്നുണ്ടിപ്പോഴും..

പിടിച്ചു നിര്‍ത്തലിന്റെ കത്തുകള്‍

രണ്ട് കൊല്ലം കഴിഞ്ഞ്

മോന്‍ മടങ്ങുക തിരികേ-
യെന്ന് പറഞ്ഞിട്ടിപ്പോള്‍
ആറ്കൊല്ലം കഴിഞ്ഞതറിഞ്ഞീല.
ഇതിനിടയില്‍ വന്ന
യാചേന രൂപേണയുള്ള
'പിടിച്ചു നില്‍ക്കണേ'- യെന്ന
സ്നേഹാക്ഷരങ്ങള്‍ (അതിഥികള്‍) .
വീണ്ടും വീണ്ടുമെന്നെ
പിടിച്ചു നിറുത്തീടുമ്പോ-
ളൊന്നു ചോദിച്ചോട്ടെ
അല്ലയോ ! വ്യവസ്ഥിതി :
'പിടിച്ചു നില്‍ക്കേണ്ടതെവിടെ-
യെന്ന് ചൊല്‍ക വേണം '

ബസ്സിലെങ്കില്‍ കമ്പിയുണ്ട് ,
മരത്തിലെങ്കിലോ , ശിഖരമുണ്ട്.
മണല്‍ക്കാട്ടിലോ............?

ആകാശമാകെ പരതി നോക്കി
അദ്ര്യശ്യ ശിഖരങ്ങള്‍
ചികഞ്ഞു നോക്കി .

കത്തുകള്‍ വന്നു മുറക്ക് വീണ്ടും
ആവര്‍ത്തനങ്ങള്‍
പുളിച്ചു തികട്ടി .
കത്ത് പൊട്ടിക്കയില്ല ഇന്നിനി ഞാന്‍
മുങ്ങുമാരോടും പറയാതൊരുനാള്‍.
ഞാന്‍ നീയാകുമവേള
നിനക്കും കിട്ടും കത്തുകള്‍ ..
കൂട്ടുകാരാ ,
നീയെവിടെപിടിച്ചാണ്‍ നില്‍ക്കുക-
യെന്ന്ചൊല്ലുകവേണമവരോടായ്....

കവിതകളാലൊരു ചിത

അയച്ചതിലും വേഗംമടങ്ങി ,
പരിഭവം പേറിയെത്തിയ കവിതകള്‍ ,
മടങ്ങിയെത്താതെ
ഏതോ ചവറുകൂനയില്‍
ജന്‍മം പാഴായ
കവിതയുടെ പകര്‍പ്പുകളും
എടുത്ത്
ഈന്തപനയുടെ
കാല്‍ചുവട്ടില്‍
കൂമ്പാരമാക്കി
ചിതയൊരുക്കി .
തീ നാളം നോക്കി നില്‍ക്കവേ ,
സര്‍ഗവേദനയാല്‍
കണ്ണീര്‍ പൊഴിഞ്ഞപ്പോള്‍
'എന്താണു്‌ പൊട്ടാ '
കടലാസ് കത്തിച്ചിട്ട്
കരയുന്നതെന്ന് ചോദിച്ച നൌഷാദെ..
സര്‍ഗവേദനയെന്തെന്നറിയാത്ത
കുട്ടികളുണ്ടാവാത്ത
നിന്നോടെന്തു പറയാനാണ് ഞാന്‍.
ചിതയെരിഞ്ഞടങ്ങിയപ്പോള്‍
കാറ്റ് കണ്ണീര്‍ തുടച്ചപ്പോള്‍
അവസാനത്തെ ചാരവും പേറി
യാത്ര പറഞ്ഞപ്പോള്‍
ഈത്തപഴം പൊഴിഞ്ഞു
വീണെനിക്ക് ബഹുദൂരം
പിന്നിലായ്....

രണ്ട് രാജ്യങ്ങള്‍ ലിഫ്റ്റില്‍ കണ്ടു മുട്ടിയപ്പോള്‍

രണ്ട് രാജ്യങ്ങളൊരിക്കല്‍

കണ്ടുമുട്ടുന്നാ-
പഴയ പൊടി പിടിച്ച
ലിഫ്റ്റില്‍ .

പരിചിതപ്പെടലിന്റെയാമുഖ-
മെന്നോണം
ചോദ്യം വാതില്‍ തുറന്നു
വന്നൊന്നാമനില്‍ നിന്നും :
'പേരെന്താണ്...? '
രണ്ടാമന്‍
ചിരിയില്‍
വാല്‍സല്യത്തിന്‍ വറ്റ് കുഴച്ച്
പറഞ്ഞു പോല്‍ തന്റെ പേര്.
ഒന്നാമന്റെ മുഖത്തപ്പോള്‍

വിദ്വേഷത്തിന്റെയൊരു
കാര്‍മേഘമെങ്ങോ
നിന്നെത്തി നിന്നു.
വീണ്ടും ചോദ്യം :
'മുറിച്ചിട്ടുണ്ടോ...? '
രണ്ടാമന്റെ മുഖത്ത്
നിലാവുണ്ടിപ്പോള്‍ .
അയാള്‍ പോക്കറ്റില്‍ നിന്നും
പേരെടുത്ത് നല്‍കി
പറഞ്ഞു :
''ഇതാ മുറിച്ചേല്‍പ്പിക്ക
തിരികേ വേഗം ''

അപ്പോള്‍ ലിഫ്റ്റിലെ
ബള്‍ബിലെ
ഫിലമെന്റ് നാഡി
പൊട്ടി പോയി.
ഇപ്പോള്‍ ഇരുട്ടാണ്
ലിഫ്റ്റിനകം .
ഒന്നാമന്‍ ഇരുട്ടിനെ
കെട്ടി പുണര്‍ന്നു നിന്നു.
രണ്ടാമനോടി പുറത്തേക്ക്

പുറത്ത് നല്ല വെളിച്ചം ,
കാറ്റ് , കലപില ശബ്ദങ്ങള്‍ ..
ഈന്തപന വീഥിക്കരുകില്‍
നട്ടു പിടിപ്പിച്ച
നിരവധി ചെടികള്‍ ,
നിരവധി പൂക്കള്‍
അവനോരോന്നും
മണത്തു നോക്കി
അതേ !യെല്ലാത്തിനും
അതിന്റേതായ നല്ല മണം .
അവന്‍ തിരിച്ചു നടന്നു
ലിഫ്റ്റ് ലക്ഷ്യമാക്കി
അപ്പോളവിടെ
ലിഫ്റ്റിനു പകരം
ഇരുട്ട് കട്ട പിടിച്ച
ചെങ്കല്ല്.

ക്രൈസിസ്

മറ്റൊരു

ഖാണ്ടവ ദാഹത്തിന്
മണി മുഴങ്ങുന്നു
മണല്‍ക്കാട്ടില്‍ .

ഇന്നലെ
കഴിഞ്ഞതാണ്
ചര്‍ച്ചകള്‍
തക്ര്യതിയായി .


ഇന്നിപ്പോള്‍
ഞാനും ,
കുതികാല്‍ വെട്ടികളും
സഖ്യം ചേര്‍ന്നു
പൊതു ശത്രുവിനെ
ഭയന്ന്.

നാളെ പേരറിയാം
ആരൊക്കെയെന്നത്.

ഇതിനിടയില്‍
ഞാനെന്റെ സ്വപ്നത്തെ
തലയിണകീഴില്‍
തിരുകിവെച്ചുറങ്ങും.

നാളെ സ്വപ്നം
ഉപേക്ഷിച്ചു
പോകുന്നാവേളയില്‍
നിങ്ങള്‍ വന്നതിനെ
വീതിച്ചെടുത്തു കൊള്‍ക.

എന്റെ ഭാവി
വിറങ്ങലിച്ച് ,
വിതുമ്പി
തൊഴു കൈയാല്‍
ഇരിക്കുന്നൂഴവും കാത്താ-
ടേബിളില്‍....

ശ്രീഗിരീഷ് പുത്തന്‍ഞ്ചേരിക്ക് ആദരാഞ്ജലികള്‍

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

കോണി

ഞാനൊരു കോണിയാണു്‌ ;

ഉച്ചനാശാരിയുടെ കരവിരുതേറ്റ
കോണി .
പൈതൃകമായി കിട്ടിയ
സത്യം വഹിച്ചു പോകും
ധമനികളുണ്ടെന്നില്‍.
കാര്യ സാദ്ധ്യത്തിനായ് ,
അസത്യ , ചതിയുടെ
ചുവടുകള്‍ വെച്ച്
ചിലര്‍ ചവിട്ടി കയാറാനെന്റെ
ചുമല്‍ ഉപയോഗിച്ചു .

വ്യത്യസ്ത  രക്തങ്ങള്‍
ഒരാളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍
പിതാവിന്റെ പേര്
പതിക്കാന്‍ കോശങ്ങള്‍ക്കായില്ല...

നല്ല ഭാവിയുള്ളയീ കൂട്ടര്‍
വ്യത്യസ്ഥ കസേരകളില്‍
വിഹരിക്കും .

ഒടുവില്‍ ,
യജമാനന്‍ വലിച്ചു താഴെക്കിട്ടപ്പോള്‍
ഇറങ്ങാന്‍ എന്റെ മുതുക് വേണ്ടി വന്നില്ല.
വീണ വീഴ്ചയില്‍ കിടക്കുന്നവര്‍
ഇനിയും നിവരാതെ...

ഞാനീ പാതി വെള്ള പൂശിയ
ചെങ്കല്‍ ചുമരില്‍
ചാരി നില്‍പ്പുണ്ടിപ്പോഴും
നിസഹായതയുടെ ബിംബം തീര്‍ത്ത്.....

നിലാവ് പോലെ.....


ദൂരം

'നന്ദി' -എന്നത്

ദ്വയാക്ഷരം .
'നെറികേട് '-അതിന്റെ -
യിരട്ടിപ്പും .
ഉപചാര പദത്തില്‍
നിന്നും
മോദം പൊഴിഞ്ഞടര്‍ന്ന്
നെറികേടിലെത്താ-
നെത്ര ദൂരമെന്നറിയാതെ ,
ഞാനീ കവിത
ചുവട്ടില്‍ ഇരുന്നോട്ടേ..
മറ്റൊരു ബുദ്ധനാവാന്‍....!

പ്രതികരണശേഷി

ഒരീര്‍ക്കിലിയെന്റെ-

യാസനത്തില്‍
കയറ്റിയപ്പോള്‍
കമാന്നൊരക്ഷരം
മിണ്ടിയില്ല.
പിന്നെ ,
ആപ്പ് അടിച്ചു കയറ്റി
അപ്പോഴുമൊന്നും പറഞ്ഞില്ല.
പിന്നെ ,
മടലായ്,
അപ്പോഴുമൊന്നുമുരിയാടിയില്ല.
ഒടുവില്‍ ,
ഒരു തെങ്ങിന്‍ കുറ്റി
ഓര്‍ക്കപുറത്ത്
തള്ളി കയറ്റിയപ്പോള്‍ ,
സഹിക്കവയ്യാതെ
പ്രതികരിച്ചപ്പോള്‍
പ്രതികരണശേഷിയെ
തെങ്ങിന്‍കുറ്റി വിഴുങ്ങി കളഞ്ഞു..