ക്ഷമാപണം

മാപ്പ് ചോദിക്കുന്നു ഞാന്‍

മാപ്പര്‍ഹിക്കാത്ത മോഹത്തിന്‍
മരോട്ടി വിളക്കിനു്‌ ദീപേക്ഷികയുരച്ചത്
മണാന്തമാണെന്ന് പറയാതെ വയ്യ !
നമ്മള്‍ തന്‍ സ്നേഹത്തിന്‍ ശ്രീ കോവില്‍
പണിയാനവിടുത്തെ
തനയയെ പാണിഗ്രഹണത്തിനായ്
താല്‍പ്പര്യം ചൊന്നത്
തെറ്റായിരുന്നോ , തനൂജാമ്മേ ?
തര്‍ക്കവി തര്‍ക്കതിന്
തീപ്പൊരി തെറിപ്പിച്ചു നാം
ഒടുവിലകന്നു പോയെന്നില്‍ നിന്നും
ഓര്‍മ്മതന്‍ ചെമ്പകമലരുകളവശേഷിപ്പിച്ച്..
മുത്തു മണി മാലയാം മദനോര്‍മ്മകളെ
ചാര്‍ത്തി ,സെറ്റ് സാരിയുടുത്തു ,
തുളസി കതിര്‍ വെച്ച്
നുണ കുഴി പറയില്‍
വാല്‍സല്യതിന്‍ മലരു്‌ നിറച്ച്
ഒന്നിങ്ങു വരുമോയെന്നരുകില്‍?
മന്‍മനം കൊതിക്കുന്നു.
മണീചം ഒന്നു പുല്‍കാന്‍
മാപ്പെറ്റു പറയാം ഞാന്‍
സാഷ്ടാംഗ വീഴമടിയനവിടുത്തെ
ചരണത്തിന്‍ കീഴിലായ്...
മാപ്പ് ചോദിക്കുന്നു ഞാന്‍ വീണ്ടും
മാപ്പര്‍ഹിക്കാത്ത മോഹത്തിനായ്...

തലക്കെട്ടില്ലാതെ.....

കഥയും ,കവിതയും കുളിക്കുവനായി ഇറങ്ങി.നദിയിലേക്ക് പോകും വഴിവെട്ടു കല്ലു കൊണ്ടുള്ള ഇറക്കമാണ്..ആദ്യംകഥയിറങ്ങി ,പിന്നാലെ കവിതയും.
ശേഷം പശ്ചിമ ദിക്കിലേക്ക്..വലതു ഭാഗത്തായി ആരോ വലിച്ചെറിഞ്ഞ മുടികൂന കെട്ടുകള്‍. അതിനു ചുറ്റും തളിര്ത്തു പന്തലിച്ചു നില്‍ക്കുന്ന കമ്മ്യുണിസ്റ്റു്‌ പച്ചകള്‍.പരദൂഷണം പറഞ്ഞു പോകുന്ന പ്രാണി കൂട്ടങ്ങള്‍..ഇടതു ഭാഗത്തായാണു്‌ സാക്ഷാല്‍ കശുമാവിന്‍ സാമ്രാജ്യം. അവിടെ വ്രിതിയാല്‍ ആരോ ചതുരം തീര്‍ത്തിരിക്കുന്നു. ഉണങ്ങിയ മലത്തിന്റെ ദുര്‍ഗന്ധം പേറി മന്ദമാരുതന്‍ കറങ്ങുന്നു..കവിതക്ക് ഓക്കാനം വന്നു.കഥ കവിതയുടെ മുതുക് തടവി കൊടുത്തു. ജോലി കഴിഞ്ഞു തളര്‍ന്നു മടങ്ങുന്ന അരുണന്‍ .മാനത്തിന്റെ സിന്തൂര പൊട്ടവര്‍ കണ്ടു. നദികരയിലെത്തിയ അവര്‍ കുളിക്കുവാനായ് തയ്യാറെടുത്തു .കഥ തലക്കെട്ടഴിച്ചു തൊട്ടാവാടി ചെടിയുടെ മുതുകില്‍ വെച്ചു.അവ യഥേഷ്ടം മിഴികളടച്ച് ഭൂമിയെ ചുംബിച്ചുറങ്ങി. കഥ ആദ്യംഇറങ്ങി, പിന്നാലെ കവിതയും . കവിതയുടെ പാദത്തിനു ചുറ്റും വട്ടമിട്ടുവെള്ളീ പൂശിയ പരല്‍ മീനുകള്‍..തിരുവാതിര കളി അനുസ്മരിപ്പിക്കും പോലെ.. കഥ മുങ്ങാം കുഴിയിട്ടു രമിക്കുകയായിരുന്നു..അതേ സമയം , കരയില്‍ തങ്ങളുടെ വീടിനു ചുറ്റും മതില്‍ തീര്‍ക്കുന്ന തിരക്കിലായിരുന്നു കട്ടുറുമ്പിന്‍ കൂട്ടങ്ങള്‍..മണല്‍ ഉരുളകള്‍ അവര്‍വീടിനു ചുറ്റും നിരത്തുന്നു.അപ്പോള്‍ അതു വഴി കടന്നു വന്ന സന്തോഷ് പല്ലഷന തലകെട്ടെടുത്ത് കശു മാവിന്‍ സാമ്രാജ്യത്തിലേക്ക് വലിച്ചെറിഞ്ഞു. രതിയിലേര്‍പ്പെട്ടിരുന്ന രാജിലങ്ങള്‍ ഉന്‍മാദത്തിന്റെ കെട്ടുകളഴിച്ച് കരിയിലകളിലൂടെ ചിലങ്ക കിലുക്കി ഓടി മറഞ്ഞു .കവിത ചെളിയില്‍ ആണ്ടുപോയി. കഥ ഓടി കരക്കു്‌ കയറി നെഞ്ചിടിപ്പോടെ..പിന്നെ, തലകെട്ടന്വേഷിച്ചു. ഇനിയും നിദ്രയില്‍ നിന്നുണര്‍ന്നിട്ടില്ലാത്ത തൊട്ടവാടി ചെടികള്‍ . തന്റെ വ്യക്തിത്വമായ തലകെട്ടും , കാമുകി നഷ്ടപ്പെട്ട വേദനയാലും കഥ വിഷണ്ണനായി തന്റെ യാത്ര തുടരുന്നു...

നിന്റെ കാലടികള്‍ (പരിഭാഷ)

പാബ്ലോ നെരൂദ
മുഖത്ത് നോക്കാന്‍ കഴിയാത്ത
വേളയില്‍ ഞാന്‍
നിന്റെ പാദത്തിലേക്ക് നോക്കും .
ചെറു വളവുള്ളഅസ്ഥിയുള്ള നിന്‍പാദം,
കരുത്തുറ്റ ചെറുപാദമല്ലോ നിന്റേത്‌.
നെടുംതൂണാണത്‌ നിനക്കെന്നറിയാമെനിക്ക്‌
നിന്റെ മധുരഭാരമവയാല്‍ഉയര്‍ത്തുന്നതും,
നിന്റെയരക്കെട്ടും,വക്ഷസും,
ചുകന്നയിരട്ട മുലക്കണ്ണുകളും,
നിന്റെ കണ്‍കുഴികളൂമൊന്നുപറന്നകന്ന-
കലേക്കായ്‌..
നിന്റെ വിശാലമധുരഭാഷണവും,
ചുവന്ന തലമുടിചുരുളുകളുമെന്റെ
ചെറുഗോപുരമല്ലോ.
എന്നാലോ,ഞാന്‍  ഇഷ്ടപ്പെടുന്നു നിന്‍ കാലടികള്‍
എന്നെ കണ്ടെത്തുംവരെ
ധരക്ക്‌മീതെ,കാറ്റിനു്‌മീതെ,
ജലത്തിനു്‌മീതെയുമതിന്റെ
പാദമുദ്ര പതിഞ്ഞതിനാല്‍മാത്രം!
**********************************
ആംഗലേയം ഇവിടെ വായിക്കാം

ചേട്ടന്‍

ചേട്ടനെ കാണ്‍മാന്‍

മൈലുകള്‍താണ്ടിയമ്മ-
വീട്ടില്‍ഞാനെത്തിടുമ്പോള്‍
ചേട്ടന്‍കിഷോറിന്റെ
വീട്ടിലുണ്ടെന്നമ്മൂമ്മ
പറഞ്ഞിട്ടു്‌പോയിഞാന-
ങ്ങൊട്ടായ്‌...
പട്ടാളക്യാമ്പിലെകഥകളെല്ലാം
വീര്യാംചോര്‍ന്നുപോവാതെ
ജിഹ്വയാം തോക്കില്‍നിന്നു്‌
വാക്കിന്‍തിരകളുതിര്‍ക്കുന്ന കിഷോര്‍,
യെന്നെ കണ്ടതും
അതിര്‍ത്തിയില്‍കയറിയപരിചിത-
നെന്നപോല്‍
തറപ്പിച്ചൊരു നോട്ടമെറിഞ്ഞെന്റെ
നേര്‍ക്ക്....
പിന്നെ,ചോദിച്ചു ചേട്ടനോടായ് :
'ആരാണതെന്നറിയോ നിനക്കു്‌' ?
അപകര്‍ഷതയാംകുപ്പായംചൂടിയ-
യെന്നെ ചൂണ്ടി പറഞ്ഞുപോല്‍ ചേട്ടന്‍ :
അകന്നേതോ ബന്ധത്തിലുള്ളൊരു
മാമന്റെ മകനാണതെന്നു്‌മാത്രറിയാം'
ക്ഷിപ്രംമനസിന്‍ഇരുട്ടറ ഭേദിച്ചു്‌
സങ്കടമെന്ന പഴമുത്തശി
വദനമാംപടിപ്പുര ലക്ഷ്യമിട്ടു്‌
പായുംമുന്പേ,യവിടംക്രിത്രിമ
പുഞ്ചിരികയറിയിരുന്നു.
തിരിഞ്ഞു നടന്നു ഞാന്‍
ലജ്ജയുടെ,ദുഃഖത്തിന്റെ
കുട്ടകള്‍പേറി.....
നടന്നു പോകുംവഴിയിലതാ
ആലയിലായ്‌പ്രഭാകരേട്ടന്‍
തീകൂട്ടുന്നു....
പഴയോല നൂണ്ട്‌പുറത്തേക്കു്‌പായും
പുക പടലങ്ങള്‍എന്നെ നോക്കി ചിരിക്കുന്നു.
എന്നെ മാത്രംനോക്കി ചിരിക്കുന്നു..
* **********************************
അമ്മ വീട്ടില്‍നിന്നും തിരിക്കുമ്പോ-
ളൊരു സ്വകാര്യംപറഞ്ഞേട്ടനിപ്രകാരം :
'ആരു ചോദിച്ചാലുമങ്ങനെ പറയാവൂ നീയും'
'ശരി'-യെന്നുമൂളി ഞാനും
സമ്മതത്തിന്റെ പര്യായമെന്നോണം
(ചിരി അപ്പോഴും സങ്കടത്തിനു്‌ മീതെ.....)
കാലംകടന്നു്‌പോയി
മാറ്റങ്ങള്‍ വിതറി......
എന്നാല്‍,മാറ്റമില്ലാത്തൊരു
ശിലാ സമസ്യ നെഞ്ചെരിച്ചിലിന്റെ നാട്ടില്‍
മനസിന്റെ മുറ്റത്തായ്‌
വിഷാദത്തിന്റെ ചോദ്യ ചിഹ്നം തീര്‍ത്ത്‌,
താടി വളര്‍ത്തി വളഞ്ഞുകൂടി
നില്‍പ്പുണ്ടിപ്പോഴും
ഉരിയാടാത്ത മാധവേട്ടനെ പോലെ.......
**************************************
എഴുത്ത് മാഗസിനില്‍ പ്രസീദ്ധികരിച്ചത്

ദൈവം

'ദൈവം' -എന്ന
ദ്വയാക്ഷരത്തില്‍
പ്രപഞ്ചം ഒളിഞ്ഞിരിപ്പൂ ;
ആരും കാണുന്നില്ലെങ്കിലും !
ആപത്ത് വരുമ്പോള്‍ ,
പ്രതിയോഗി കരുത്തനെങ്കിലും ,
നിരീശ്വര വാദിയാണെങ്കില്‍പോലു-
മവസാനം പറയും :
'ഒക്കെ ദൈവം കാണുന്നുണ്ടെന്ന്...'
അപ്പോളൊരു ചെറു പുഞ്ചിരിയാ-
വിശുദ്ധവദനത്തില്‍ തെളിയും
നമ്മില്‍ നിന്ന് ഇച്ഛിച്ചത്
കേട്ട നിര്‍വ്ര്യതിയാല്‍ !

എന്തിനായിരുന്നു ..?

ഞാന്‍ താപ്തിയെ
പ്രണയിച്ചത്
അമ്മയോടുള്ള ആരാധന
കൊണ്ട് മാത്രം!
വേവാത്ത പ്രണയ കഷണം
മനസില്‍ ചുഴിയില്‍
ദിക്കറിയാതെ കറങ്ങുന്നു ...
ചിന്തകള്‍
ആവികളായി
മുടികള്‍
ദേശം വിട്ടിറങ്ങി
തിരിച്ചു വരില്ലെന്ന
പ്രതിജ്ഞയോടെ ...
കാലം കറങ്ങി
കണ്ടിട്ടും കാണാതെ
തിരക്കിന്റെ ദേശത്തേക്ക്
ഞാനും പോയി ...
പ്രണയം,
പേരറിയാത്ത ദിക്കും തേടി
മറഞ്ഞു.
ഇന്നിപ്പോള്‍
ചോദിച്ചു പോകുന്നു:
'എന്തിനായിരുന്നു -
ഞാനവളെ പ്രണയിച്ചത് ..?
ആ തമാശ തന്‍
ലക്ഷ്യം, എന്തായിരിക്കാം..?
************************
e-പത്രത്തില്‍ പ്രസീദ്ധികരിച്ചത്

മുന്‍കരുതല്‍


(Courtesy: Google)

അന്നൊരു വ്യാഴാഴ്ച്ചയില്‍  
ദിനത്തിന്റെ പൊക്കിള്‍ ലക്ഷ്യമാക്കി
സമയം കിതച്ചെത്തിയ നേരം
അച്ഛന്‍ തെങ്ങില്‍ കയറാന്‍
തയ്യാറെടുക്കവേ,
പതിവില്ലാകാഴ്ച്ചതന്‍
കൌതുകം നോക്കിയീയുള്ളോന്‍
തെങ്ങിനരുകിലായ് വന്നു നിന്നു
തലേന്നു പെയ്ത മഴ
തീര്‍ത്ത ദേഹം
പച്ച കുപ്പായമണിഞ്ഞു നില്‍ക്കേ,
അച്ഛന്‍കയറുന്നു
വഴുക്കല്‍ വക വെക്കാതെ
നെഞ്ജുരച്ച് ...
ചൂട്ടുകള്‍ ,കൊതുമ്പുകള്‍
വലിച്ചു താഴെക്കിടുന്നച്ഛന്‍
പിരാകി കൊണ്ടോടുന്ന
ഉറുമ്പിന്‍ നിവാസികളെ
കണ്ടില്ലെന്നു നടിച്ചുവോ?
താഴെയിറങ്ങിയച്ഛന്‍
കൊതുമ്പുകളെല്ലാം
കൂട്ടികെട്ടിയടുക്കി വക്കുന്നു
കൂരതന്‍ മൂലയിലായ് ...
കുളിച്ചു ,തൊഴുതു, കുറി വരച്ചു-
വന്നച്ചന്‍
അമ്മ നല്‍കിയ തണുത്ത
പുട്ടും, കടലയും ആര്‍ത്തി-
യോടെ കഴിക്കുന്ന കാഴ്ച്ച നോക്കി
യമ്മ നിന്നത്‌
ഉച്ചനാശാരി കര വിരുത്
തീര്‍ത്ത കട്ടിള പടിയില്‍ !
ജോലിക്കായ് മടങ്ങുമ്പോള്‍
യാത്ര പറയാറുള്ളാ പതിവും
തെറ്റിച്ചു..
സൈക്കിള്‍ നീങ്ങിയച്ഛനെ
മുതുകിലേറ്റി
വളവും കഴിഞ്ഞങ്ങു്‌
അകന്നു പോയി....
വൈകിയാണെങ്കിലും
അച്ചന്‍ തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം !
ആളുകളങ്ങിങ്ങു ഒത്തു കൂടി
അലമുറകളെങ്ങും ഉയര്‍ന്നു പൊങ്ങി
സങ്കട ചുഴിയില്‍ വീണ മുറ്റം
വീടിന്റെ യിരുണ്ടേതോ മൂലയില്‍
കുനിഞ്ഞിരുന്നു കരയുന്ന-
യെന്റെ കര്‍ണ്ണത്തിലേക്ക്
മാവ് വെട്ടുന്ന  ശബ്ദമെത്തവേ,
ആരോ തുരുതുരെ ചുംമ്പിച്ചു
ചൊല്ലിടുന്നു :
'മോനെ ..നടക്കെടാ.. ,അച്ഛനെ
കാണണ്ടെ...?
ഒട്ടും തളരുത് ..എന്റെ കുട്ടന്‍.. '
ബോധം തളര്‍ന്നുപോയ നേരത്ത്‌
ആരോ വലിച്ചു നടത്തിച്ചീടുന്നു ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി
അതാ കിടക്കുന്നച്ഛന്‍
വെള്ളയില്‍ പുതച്ച് നിശ്ചലനായ് ...
കണ്ണീര്‍ തീര്‍ത്ത പുഴയാല്‍
കാഴ്ച്ചകള്‍ മങ്ങിയെ കണ്ടതുള്ളൂ...
സൂക്ഷിച്ചു..സൂക്ഷിച്ചു നോക്കുമ്പോള-
തായച്ഛന്റെ വദനം കണ്ടില്ല
ഞാനവിടെ..
ചിതറി തെറിച്ച വദനം
ചേര്‍ക്കാന്‍ പാടുപ്പെട്ടത്രെ
ഡോക്ടര്‍മാരും....
മാക്ടവല്‍ വിസ്കി കടത്തിപോയ
ലോറിതന്‍ വിധിയുടെ
ചക്രത്താലെന്നു
പിന്നീട് കേട്ട കഥയാണു്‌ കൂട്ടരെ..
അച്ഛന്റെ പട്ടടയൊരുങ്ങുന്നു
വടക്കിനിയില്‍ കുളത്തിനരുകിലായ് ;
തെക്കോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ !
ഈറന്‍ തുണിയുടുത്തച്ഛ-
ന്റെ പട്ടടക്ക് തീ കൊളുത്താന്‍
ഞാന്‍ പിടിച്ച കൊതുമ്പിന്‍ കെട്ടുകള്‍
അച്ഛന്‍ കരുതി വെച്ചതായിരുന്നു...
അച്ഛന്‍ കരുതി വെച്ചതായിരുന്നു...